ഹൂബ്ലി• കര്‍ണാടകയിലെ ഹൂബ്ലിയില്‍ കുളിമുറിയ്ക്കുള്ളില്‍ തയാറാക്കിയ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന 5.7 കോടി രൂപയുടെ പുതിയ നോട്ടുകളും 32 കിലോഗ്രാം സ്വര്‍ണക്കട്ടികളും പിടികൂടി. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. ഒരു ഹവാലാ ഇടപാടുകാരന്റെ ഹൂബ്ലി, ചിത്രദുര്‍ഗ എന്നിവിടങ്ങളിലെ വീട്ടിലും ഓഫിസിലുമായി നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും കണ്ടെടുത്തത്. 90 ലക്ഷം രൂപയുടെ പഴയ നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം കര്‍ണാടകയില്‍ ആദായനികുതി വകുപ്പ് നടത്തുന്ന വലിയ റെയ്ഡുകളിലൊന്നാണ് ഇത്. ഡിസംബര്‍ ഒന്നിന് തലസ്ഥാന നഗരമായ ബെംഗളൂരുവിലും പരിസരങ്ങളിലുമായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ രേകഖകളില്ലാത്ത 4.7 കോടി രൂപ പിടിച്ചെടുത്തിരുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം കള്ളപ്പണം കണ്ടെത്താനായി രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡുകള്‍ സംഘടിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ബെംഗളൂരൂ, ചെന്നൈ, ഈറോഡ് എന്നിവിടങ്ങളില്‍ ഇന്ന് റെയ്ഡ് നടത്തി. കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാരിനുകീഴില്‍ ജോലി ചെയ്യുന്ന രണ്ട് എന്‍ജിനീയര്‍മാരുടെയും അവരുമായി ബന്ധമുള്ള ചിലരുടെയും വസതികളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.