കോഴിക്കോട്: കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള തൃശൂരിലെ സഹകരണ ബാങ്ക് വഴി ഒരു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി കാണിച്ച് ആദായ നികുതി വകുപ്പ് നടപടി തുടങ്ങി. നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിനു തൊട്ടടുത്ത ദിവസമാണ് പണം സഹകരണ സൊസൈറ്റി വഴി ബാങ്കിലെത്തിയത്. പണം ജീവനക്കാരുടെ അക്കൗണ്ട് വഴി പൊതുമേഖല ബാങ്കുകളില്‍ നിക്ഷേപിക്കാനും നീക്കം നടന്നു.
തൃശൂര്‍ നടത്തറയിലെ ഒരു സഹകരണ ബാങ്ക് ജില്ലാ ബാങ്കില്‍ നിക്ഷേപിച്ച ഒരു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആദായ നികുതി വകുപ്പിന്റെ നടപടി. തൃശൂരിലെ ഒരു സ്വര്‍ണ്ണ വ്യാപാരിയാണ് ഇതില്‍ ഒരു കോടി നിക്ഷേപിച്ചത്. എറണാകുളത്തെ ഒരു ക്വാറി ഉടമയാണ് മുപ്പത്തഞ്ചു ലക്ഷത്തിന്റെ അവകാശി. ബാങ്കില്‍ നേരിട്ടു തുക ന്‌ക്ഷേപിക്കുന്നതിനു പകരം പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റിങ്ങ് പ്രൊഡ്യൂസ് സൊസൈറ്റിയില്‍ പതിനേഴ് പുതിയ അക്കൗണ്ടുകള്‍ തുറന്നാണ് തുക നിക്ഷേപിച്ചത്. നവംബര്‍ ഒന്‍പതിനായിരുന്നു വിനിമയം. തൊട്ടടുത്ത ദിവസം തുക സൊസൈറ്റിയുടെ പേരില്‍ സഹകരണ ബാങ്കിലും അവര്‍ ജില്ലാ ബാങ്കിലും നിക്ഷേപിക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് ഭരണ സമിതിയാണ് ബാങ്കിലുള്ളത്.
കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ ബാങ്കുകള്‍ കൂട്ടു നില്‍ക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി കേന്ദ്ര സര്‍ക്കാരിന്റെ മുന്‍പില്‍ ഈ സംഭവം എത്തിക്കാനാണ് ആദായ നികുതി വകുപ്പിന്റെ ശ്രമം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വടക്കന്‍ കേരളത്തിലെ ഒരു പ്രമുഖ സഹകരണ ബാങ്കിന്റെ മാനേജര്‍ നോട്ട് നിരോധനം മറികടക്കാന്‍ സ്വന്തം ജീവനക്കാരോട് ഷെഡ്യൂള്‍ഡ് ബാങ്കില്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ നിര്‍ദ്ദേശിക്കുന്നതിന്റെ ശബ്ദ രേഖ ഏഷ്യാനെറ്റ് ന്യൂസിനു ലഭിച്ചു.
ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍ കാരണം ഈ നീക്കം നടന്നില്ല. ഏതായാലും സഹകരണ മേഖലയില്‍ നവംബര്‍ എട്ടിനു ശേഷം നടക്കുന്ന പരിശോധന കൂടുതല്‍ കര്‍ശനമാക്കാമാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.