ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജയലളിതയുടെ മുഴുവന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടെടുത്തണമെന്നും കേസില്‍ തീരുമാനം ഉണ്ടാകുംവരെ സ്വത്തുക്കളുടെ കൈമാറ്റം സ്റ്റേ ചെയ്യണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ഊഹാപോഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് ചെന്നൈ ആസ്ഥാനമായ തമിഴ്നാട് തെലുങ്ക് യുവശക്തി എന്ന സന്നദ്ധ സംഘടന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ഏതോ വിഷാംശം അകത്തുചെന്നാണ് ജയലളിതയുടെ മരണം സംഭവിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നും, മരണത്തിന് പിന്നിലെ ഗുഡാലോചനയെ കുറിച്ച അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും പരിശോധിക്കണം. എന്തൊക്കെ മരുന്നാണ് നല്‍കിയതെന്നും പരിശോധിക്കണം. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കണം. ജയലളിതക്കെതിരെയുള്ള അനധികൃത സ്വത്തുകേസിലെയും, ഈ കേസിലെയും വിധി വരുന്നതുവരെ ജയലളിതയുടെ സ്വത്തുകളുടെ കൈമാറ്റം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുക.