ഫോണ്‍ വിതരണം ചെയ്യാനെത്തിയ ഫ്ലിപ്‍കാര്‍ട്ട് ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു

162

ബംഗളുരു: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണ്‍ വിതരണം ചെയ്യാനെത്തിയ ഫ്ലിപ്കാര്‍ട്ട് ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു. ബംഗളുരുവിലെ ഒരു ജിമ്മില്‍ വെച്ച് നഞ്ചുണ്ടസ്വാമി എന്ന 29കാരനാണ് കൊല്ലപ്പെട്ടത്. ജിം നടത്തിപ്പ്കാരനായ വരുണ്‍ കുമാറിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് അയാള്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 12,000 രൂപയുടെ സ്മാര്‍ട്ട് ഫോണാണ് ഫ്ലിപ്കാര്‍ട്ട് വഴി ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ വരുണ്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇത്രയും പണം ഇയാളുടെ കൈയ്യിലുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഫോണ്‍ വിതരണം ചെയ്യാനെത്തുന്നയാളെ കൊന്ന് ഫോണ്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചു. ഇത് കണക്കാക്കിയാണ് തന്റെ ജിമ്മിലെ വിലാസം തന്നെ ഇയാള്‍ ഡെലിവറിക്ക് നല്‍കിയത്. ഫോണ്‍ കൊണ്ടുവരുന്നതിന്റെ തലേ ദിവസം തന്നെ ഒരു കത്തി വീട്ടില്‍ നിന്ന് കൊണ്ടുവന്ന് ജിമ്മില്‍ സൂക്ഷിച്ചു.

ഫോണുമായി നഞ്ചുണ്ടസ്വാമി ജിമ്മിലെത്തിയ ഉടനെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ചു. ചെടിച്ചട്ടികൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷം കത്തികൊണ്ട് കഴുത്തറുത്തു. ജിമ്മിലെ എല്ലാവരും പോകുന്നത് വരെ മൃതദേഹം ആളൊഴിഞ്ഞ ഒരു കോണില്‍ സൂക്ഷിച്ചു. പിന്നീട് കെട്ടിടത്തിന്റെ താഴെ നിലയില്‍ കൊണ്ടുപോയി അവിടെ ഉപേക്ഷിക്കുകയായിരുന്നു. താന്‍ ഓര്‍ഡര്‍ ചെയ്ത ഫോണിന് പുറമെ ബാഗിലുണ്ടായിരുന്ന മറ്റ് ഫോണുകളും പണവും ഇയാള്‍ കൈക്കലാക്കി. രണ്ട് ദിവസമായി നഞ്ചുണ്ടസ്വാമി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് അവസാനമായി നഞ്ചുണ്ടസ്വാമി പാര്‍സല്‍ വിതരണം ചെയ്യാന്‍ പോയ സ്ഥലം കണ്ടെത്തി. കൊലപാതകത്തിന് ശേഷം ജിം ഒരു ദിവസം പോലും തുറന്നിരുന്നില്ലെന്ന് മനസിലാക്കിയ പൊലീസ് വരുണിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നഞ്ചുണ്ടസ്വാമിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് ഫ്ലിപ്കാര്‍ട്ട് വക്താവ് അറിയിച്ചു.

NO COMMENTS

LEAVE A REPLY