ഒരുമാസം നടന്നത് 586 ഇന്‍കം ടാക്സ് റെയ്ഡുകള്‍; പിടികൂടിയത് 3000 കോടിയുടെ കള്ളപ്പണം

267

കള്ളപ്പണത്തിനെതിരായ പോരാട്ടമാണ് നോട്ട് അസാധുവാക്കലിലൂടെ സര്‍ക്കാര്‍ നടത്തിയതെന്ന് തെളിയിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധനകള്‍. നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചശേഷം ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളില്‍ പിടികൂടിയത് കണക്കില്‍പ്പെടാത്ത 2600 കോടിയിലേറെ രൂപ. 586 പരിശോധനകളാണ് ഇക്കാലയളവില്‍ നടത്തിയത്. ഇങ്ങനെ പിടിച്ചതില്‍ 300 കോടിയോളം രൂപ പണമായിത്തന്നെ. അതില്‍ 79 കോടിയോളം പുതിയ 2000 രൂപ നോട്ടുകളും! ചെന്നൈയില്‍ ഒറ്റ പരിശോധനയില്‍ നൂറുകോടിയിലേറെ കണ്ടെടുത്തതാണ് ഇതിലേറ്റവും പ്രധാനപ്പെട്ടത്. തമിഴ്നാട്ടില്‍നിന്ന് ഇതേവരെ കണ്ടെടുത്തത് 140 കോടിയോളം രൂപയാണ്. 52 കോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തു. ഡല്‍ഹിയിലെ അഭിഭാഷകന്റെ പക്കല്‍നിന്നും 14 കോടി രൂപ കറന്‍സിയായി പിടിച്ചെടുത്തു. ഒക്ടോബറില്‍ ഇതേ അഭിഭാഷകന്‍ തന്റെ പക്കല്‍ കണക്കില്‍പ്പെടാത്ത 125 കോടി രൂപയുണണ്ടെന്ന് വെളിപിപെടുത്തിയിരുന്നു. രണ്ടാഴ്ച മുമ്ബ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 19 കോടിയോളം കണക്കില്‍പ്പെടാത്ത രൂപയും പിടിച്ചെടുത്തിരുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുണെയിലെ പാര്‍വതി ബ്രാഞ്ചില്‍ ഒരാളുടെ പേരില്‍ 15 ലോക്കറുകള്‍ ഉപയോഗിച്ചിരുന്നതായി ബുധനാഴ്ച അധികൃതര്‍ കണ്ടെത്തി. ഈ ലോക്കറുകലിലായി 9.85 കോടി രൂപ പണമായി സൂക്ഷിച്ചിരുന്നു. അതില്‍ എട്ടുകോടിയും പുതിയ 2000-ന്റെ നോട്ടുകളും ബാക്കി 100-ന്റെ നോട്ടുകളും. മഗരത്തില്‍ നടത്തിയ മറ്റൊരു തിരച്ചിലില്‍ 94.5 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇതില്‍ 80 ലക്ഷവും പുതിയ നോട്ടുകളാണ്. പുണെയില്‍നിന്ന് മാത്രം ബുധനാഴ്ച 10.8 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതില്‍ 8.8 കോടി പുതിയ കറന്‍സിയിലും. ഈ ലോക്കറുകളില്‍ രണ്ടെണ്ണം നോട്ട് പിന്‍വലിക്കലിന് ശേഷം 12 തവണ ഉപയോഗിച്ചതായും അധികൃതര്‍ കണ്ടെത്തി. ബാങ്ക് രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോള്‍ വലിയ ബാഗുകള്‍ ലോക്കര്‍ മുറിയിലേക്ക് നിര്‍ബാധം കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്തിരുന്നതായും കണ്ടെത്തി. ബാങ്ക് അധികൃതരെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ എട്ടിനുശേഷം രണ്ടുതവണ മാത്രമാണ് ഇടപാട് നടന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അതും 50,000 രൂപ വീതമുള്ള രണ്ട് ഇടപാടുകള്‍.

NO COMMENTS

LEAVE A REPLY