ഭീഷണി വേണ്ട; ബിജെപിക്ക് യെച്ചൂരിയുടെ മറുപടി

231

നിയസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ ഭീഷണി വേണ്ടെന്ന് ബിജെപിയോട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ഇത്തരം ഭീഷണി നേരിടുന്നത് ആദ്യമല്ലെന്നും യെച്ചൂരി പറഞ്ഞു.
സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന് താക്കീതുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. അക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും രാജ്യം ഭരിക്കുന്നത് ബിജെപി ആണെന്ന് ഓര്‍ക്കണമെന്നുമായിരുന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ഇതിനു മറുപടിയുമായാണ് യെച്ചൂരി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ കണ്ണൂരില്‍ ഒരു സിപിഎം പ്രവര്‍ത്തകനും തൃശ്ശൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.
കേരളത്തിലെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് ഉചിതമായ പദവി നല്‍കുമെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിഎസിന്റെ അനുഭവപരിചയം പാര്‍ട്ടിക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും അതിനനുസരിച്ചുള്ള ഒരു പദവി മന്ത്രിസഭ കൂടിയാലോചിച്ച് വി.എസിനു നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.
പിണറായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതോടെ മുതിര്‍ന്ന നേതാവായ വി.എസിന് എന്തു പദവി നല്‍കുമെന്ന് സജീവ ചര്‍ച്ച നടക്കുന്നതിനിടെയാണ് യെച്ചൂരിയുടെ പ്രസ്താവന. പാര്‍ട്ടി ചര്‍ച്ചകളില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് വി.എസിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇത് അംഗീകരിച്ചില്ല.
നിലവിലെ സാഹചര്യത്തില്‍ വി.എസ് സര്‍ക്കാറിന്റെ ഉപദേശകനാകാനാണ് സാധ്യത. വി.എസ് പാര്‍ട്ടിയുടെ പടക്കുതിരയും കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോയുമാണെന്ന് കഴിഞ്ഞ ദിവസം പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞിരുന്നു

NO COMMENTS

LEAVE A REPLY