മലപ്പുറം: മങ്കടയില്‍ സദാചാര ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴു പേരെ പോലാസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ഇന്ന് പെരുന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. ആക്രമണത്തിന് നേതൃത്വം നല്‍കിയ രണ്ടു പേര്‍ ഇപ്പോഴും ഒളിവിലാണ്. തിങ്കളാഴ്ച രാത്രിയാണ് കൂട്ടില്‍ കുന്നശ്ശേരി നസീര്‍ (40) കൊല്ലപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ രാത്രി എത്തിയ നസീറിനെ പ്രദേശവാസികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വീടിനുള്ളില്‍ തന്നെയിട്ട് നസീറിനെ മര്‍ദ്ദിക്കുകയും തല ചുവരില്‍ ഇടിച്ച് മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. നസീറിന്റെ സഹോദരന്‍ എത്തി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലൂം അക്രമികള്‍ അനുവദിച്ചില്ല. പോലീസ് എത്തി നസീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരണമടഞ്ഞു. മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികള്‍ പോയതെന്ന് പോലീസ് പറയുന്നു. തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വ്യക്തമായി ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണിതെന്ന് നസീറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും ഇവര്‍ പറഞ്ഞു. കൊലപാതകത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായും പിടിയിലായവരെല്ലാം പ്രദേശിക ലീഗ് പ്രവര്‍ത്തകരാണെന്നും സി.പി.എം ആരോപിച്ചു.