കൊച്ചി: കഴിഞ്ഞ ബിനാലെക്കാലം ഏഴുപേരുടെ മനസ്സില്‍ തീര്‍ത്ത മഴവില്ലുകള്‍ ഏഴു പുസ്തകങ്ങളായി പുനര്‍ജനിച്ചു. മഴവില്ലിന്റെ ഏഴുവര്‍ണങ്ങള്‍ പോലെ ഭംഗിയും ഉള്‍ക്കനവുമുള്ള ഏഴുപുസ്തകങ്ങളും ഇത്തവണ ബിനാലെ വേദിയില്‍ വായനയ്‌ക്കെത്തുമ്പോള്‍, ബിനാലെ സൃഷ്ടിക്കുന്ന സര്‍ഗതരംഗങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ സാഫല്യമുണ്ടാവുകയായിരുന്നു.
കഴിഞ്ഞ ബിനാലെ കാണാനെത്തിയ ഏഴു കലാലയ വിദ്യാര്‍ഥികളാണ് മനസ്സു നിറച്ച കാഴ്ചകളെ കവിതയും കഥയും ലഘുനോവലുകളും ചിത്രങ്ങളുമൊക്കെയായി പുനഃസൃഷ്ടിച്ചത്. മൂത്തകുന്നം എസ്എന്‍എം ട്രെയ്‌നിങ് കോളജിലെ ഏഴു ബി.എഡ്. വിദ്യാര്‍ഥികളുടെ ബിനാലെ പ്രചോദിതമായ ഈ ഏഴു പുസ്തകങ്ങളാണ് ബിനാലെ വേദിയില്‍ പുതിയ വായനാനുഭവം തീര്‍ത്തത്. ആസ്പിന്‍വാള്‍ ഹൗസില്‍ നടന്ന പുസ്തക വായന ആസ്വദിക്കാന്‍ കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകരായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും എത്തിയിരുന്നു.
കഴിഞ്ഞ ബിനാലെക്കാലമാണ് തങ്ങളിലെ എഴുത്തിനെ പ്രചോദിപ്പിച്ചതെന്നും വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ച അധ്യാപകരും ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവുമുള്ള ഈ വായനാവേദി സന്തോഷം പകരുന്നുവെന്നും സപ്ത പുസ്തകങ്ങളിലെ ചെറുകഥാസമാഹാരമായ ‘ഉപ്പിലിട്ട ഓര്‍മകളുടെ എഴുത്തുകാരി രമ്യ വിജയന്‍ പറഞ്ഞു. ഇവിടെ എത്തിച്ചേരാനായതും ഒരുമിച്ചു വായന നടത്താനായതും വലിയ അംഗീകാരമാണെന്നും രമ്യ പറഞ്ഞു.
ചില കുത്തിക്കുറിയ്ക്കലുകള്‍(ഗ്രീഷ്മ ജോര്‍ജ്), മിലി ഒരു പെണ്ണോട്ടം(ഫെമി ജോഷി) ഗീതുവിന്റെ ഉത്തമഗീതങ്ങള്‍(ഗീതു കെ. നിധി), താഴ്ത്തപ്പെട്ടവന്റെ സുവിശേഷം(എം.യു.ഹരിദാസ്), കാത്തിരുന്ന കവിതകള്‍(എം.പി.സിനി), ആരാച്ചാര്‍ ഒരു പതനം(എം.ഗീത) എന്നിവയാണ് പുസ്തകക്കൂട്ടത്തിലെ മറ്റ് ആറു പുസ്തകങ്ങള്‍.
ഏഴു ഭാവങ്ങളുള്ള കലാരൂപം പോലെയാണ് ഈ മഴവില്‍ പുസ്തകങ്ങളെന്നും കവിത, ചിത്രങ്ങള്‍, നിഗൂഢ കവിത, ചെറുകഥാ സമാഹാരം, ചലച്ചിത്ര പഠനം, നോവല്‍ എന്നിവയെല്ലാം ഇതില്‍ താളുകളാവുന്നുവെന്നും ഇവരുടെ ഗുരുവും എസ്എന്‍എം കോളജ് മലയാള അധ്യാപകനുമായ ഡോ. കെ.എസ്.കൃഷ്ണകുമാര്‍ പറഞ്ഞു.
സ്വന്തം പാത തിരിച്ചറിയാനും പതിവു ശീലങ്ങളില്‍നിന്നു പുറത്തുകടക്കാനും വ്യക്തികള്‍ക്ക് അവസരം നല്‍കുകയാണ് ഈ ബിനാലെയെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ആനന്ദിനെപ്പോലെ ഉന്നതരായ എഴുത്തുകാര്‍ വിന്യാസ കലയിലേക്കു തിരിഞ്ഞതില്‍ ബിനാലെയുടെ സ്വാധീനമുണ്ട്. ഇത്തവണത്തെ കലാസൃഷ്ടികളും ആള്‍ക്കാരെ പ്രചോദിപ്പിക്കുമെന്നു തീര്‍ച്ചയാണെന്നും ഏഴ് എഴുത്തുകാരെയും അഭിനന്ദിച്ചുകൊണ്ട് ബോസ് പറഞ്ഞു.
ചിത്രകാരന്‍മാര്‍ നയിക്കുന്ന ജനകീയ സംരംഭത്തില്‍ എഴുത്തുകാരും ഭാഗഭാക്കാവുന്നതു ചൂണ്ടിക്കാട്ടിയ റിയാസ് കോമു, ഏഴു പുസ്തകങ്ങളും ബഹുസ്വരതകളുടെ ഈ ബിനാലെയില്‍ അവതരിപ്പിക്കപ്പെടുന്നത് ഏറ്റവും ഉചിതമാണെന്നും പറഞ്ഞു. വരുംതലമുറയുടെ നിര്‍മാണത്തിനു വേദിയാകുന്ന ബിനാലെയില്‍ ഇത്തരം സംവാദങ്ങള്‍ തുടരേണ്ടതുണ്ടെന്നും റിയാസ് കോമു ചൂണ്ടിക്കാട്ടി.