ചൈന-ഇന്ത്യ കലാസൃഷ്ടികളുടെ താരതമ്യവുമായി ബിനാലെ

209

കൊച്ചി: സഹസ്രാബ്ദങ്ങളായി തുടര്‍ന്നു വരുന്നതാണ് ചൈന-ഇന്ത്യ സംസ്‌കാരങ്ങള്‍. അതിനാല്‍ തന്നെ സമകാലീനകലയില്‍ പരമ്പരാഗതവും ആധുനികതയുമായുള്ള അന്തരം ഇല്ലാതാക്കാന്‍ ഈ രണ്ട് കലാശാഖകളും നല്‍കിയ സംഭാവനകള്‍ അനാവരണം ചെയ്യുകയാണ് സുദര്‍ശന്‍ ഷെട്ടി ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം. പാരമ്പര്യവും ആധുനികതയും ഇന്നത്തെ ലോകത്തിന് സാധാരണ വാക്കുകളായിരിക്കാം. എന്നാല്‍ ഇന്ത്യക്കാരും ചൈനക്കാരും ഇതിനെ സമീപിക്കുന്ന രീതി വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ കംപാരിറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റി ഡയറക്ടര്‍ ലിഡിയ ലിയു. നൂറ്റാണ്ടുകളായി ഇതെങ്ങിനെ തുടര്‍ന്നു വരുന്നുവെന്നതിന് ഉത്തരമാണ് കൊച്ചി ബിനാലെയില്‍ കാണാന്‍ സാധിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പരമ്പരാഗത കലാരീതികള്‍ തന്നെയാണ് ബിനാലെയില്‍ എത്തിയിട്ടുള്ള മിക്ക ചൈനീസ് രചനകളും. ടിയാന്‍ജിന്‍ പ്രവിശ്യയില്‍ നിന്നുള്ള യാങ് ഹോങ്വേയുടെ കലാസൃഷ്ടി ഏറെ മികച്ചതാണ്. പന്ത്രണ്ട് മീറ്റര്‍ നീളമുള്ള തനത് ചൈനീസ് കടലാസ് ചുരുളില്‍ സൃഷ്ടിച്ച വര ഏവരെയും ആകര്‍ഷിക്കും. മരത്തില്‍ രൂപങ്ങള്‍ കൊത്തിയെടുത്ത് മഷി പുരട്ടി കടലാസില്‍ പതിപ്പിക്കുന്ന രീതിയിലാണിത്. ലൈംഗികതയും അതുമായി ബന്ധപ്പെട്ട സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. ബീജിംഗില്‍ നിന്നുമെത്തിയ ഒയാങ് ജിയാങ് താജ്മഹലിന്റെ കണ്ണീര്‍ എന്ന സൃഷ്ടിയാണ് നടത്തിയത്. കാലിഗ്രാഫിയില്‍ ഈ പദ്യം എഴുതിച്ചേര്‍ത്തിരിക്കുന്നു.

ഡായി സിയാങിന്റെ ഫോട്ടോ ചുരുളും ഏറെ സന്ദര്‍ശക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ചൈനീസ് സാമൂഹ്യ ജീവിതത്തിന്റെ പരിഛേദമാണ് ഈ ഫോട്ടോ ചുരുളിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. 25 മീറ്റര്‍ നീളമുള്ള ഈ ഫോട്ടോയില്‍ പാശ്ചാത്യനാടുകളില്‍നിന്നും വന്ന സംസ്‌കാരവും ചൈനയുടെ പരമ്പരാഗത സംസ്‌കാരവും തമ്മിലുള്ള താരതമ്യം തുറന്നു കാട്ടുന്നു. ഹോങ്വേയുടെ സൃഷ്ടി ചൈനീസ് പാരമ്പര്യത്തില്‍നിന്ന് അല്‍പം വിഭിന്നമാണെന്ന് തോന്നുമെങ്കിലും സമകാലീന ചൈനയുമായി അതിന് ഏറെ സാമ്യമുണ്ടെന്ന് ലിഡിയ ലിയു ചൂണ്ടിക്കാട്ടുന്നു.

കൊടുങ്ങല്ലൂരിനടുത്തുള്ള കോട്ടപ്പുറം കോട്ടയില്‍ സ്ഥാപിച്ചിട്ടുള്ള വാക്കിംഗ് ഓഫ് ദി ബയാന്‍ ഹാര്‍ എന്ന 400 അടി നീളമുള്ള സൃഷ്ടി അന്തരിച്ച കലാകാരന്‍ ലി ബുവാന്റേതാണ്. ചൈനയിലെ ഒരു വിധം എല്ലാത്തരം ചിത്രമെഴുത്ത് രീതികളും പരീക്ഷിച്ചിട്ടുണ്ട്. പാശ്ചാത്യ രീതിയില്‍നിന്ന് ഏറെ വ്യത്യസ്തമാണീ സൃഷ്ടിയെന്നു ലിയു ചൂണ്ടിക്കാട്ടി. ദൈനം ദിന ജീവിതം തന്മയത്വത്തോടെ അവതരിപ്പിക്കുകയെന്നതാണ് ചൈനീസ് കലാസൃഷ്ടിയുടെ കാതല്‍ എന്ന് ഹിസ്റ്ററി ഓഫ് ചൈനീസ് പെയിന്റിംഗ് എന്ന പുസ്തകത്തില്‍ ഒയാങ് ജിയാംഖേ പറയുന്നുണ്ട്. ആധുനികതയുടെ പ്രശ്‌നവും ഇതു തന്നെയാണ്. വൈവിദ്ധ്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ച് എല്ലാ സൃഷ്ടികളും ഒരുപോലെയായി പോകുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ രീതികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ചൈനീസ് കലാസൃഷ്ടികളെ വേറിട്ടതാക്കുന്നത്.

NO COMMENTS

LEAVE A REPLY