തിരുവനന്തപുരം • സംസ്ഥാനത്തിന്റെ പൊതു കടം 155389.33 കോടി രൂപയായി ഉയര്‍ന്നതായി മന്ത്രി ടി എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു. 2011 മാര്‍ച്ചില്‍ 73655 കോടി രൂപയായിരുന്നു. സംസ്ഥാനത്തിന്റെ അടിയന്തര ബാധ്യത 5965 കോടി രൂപയാണ്. പെന്ഷന് കുടിശിക 1000 കോടി. വിവിധ വകുപ്പുകള്‍ക്കു നല്‍കാനുള്ള ബില്‍ കുടിശിക 2000 കോടി. കരാറുകാര്‍ക്കു 1600 കോടിയും കൊടുത്തുതീര്‍ക്കാനുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് പദ്ധതി നിര്‍ത്തലാക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി അറിയിച്ചു. റവന്യു കുടിശിക ഇനത്തില്‍ 12,608 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഇതില്‍ 7,695 കോടി രൂപ തര്‍ക്കത്തിലാണ്. ബാക്കി തുക ഊര്‍ജിത റവന്യു റിക്കവറിയിലൂടെ പിരിച്ചെടുക്കും. വാളയാര്‍ ചെക് പോസ്റ്റിനെ പൂര്‍ണമായും അഴിമതിമുക്തമാക്കും. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പ്രധാന ചെക് പോസ്റ്റുകള്‍ ആധുനികീകരിച്ചു പരിശോധന വേഗത്തിലാക്കും. നികുതിചോര്‍ച്ച തടയുന്നതിനു പരിപാടികള്‍ ആവിഷ്കരിക്കും. ഉപഭോക്താക്കള്‍ ബില്‍ ചോദിച്ചുവാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാനായി ലക്കി ടാക്സ് പദ്ധതി നവീകരിക്കും. നറുക്കെടുപ്പിനായി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബില്‍ അയയ്ക്കാന്‍ മൊബൈല്‍ ആപ് സജ്ജമാക്കും. കംപ്യൂട്ടര്‍ ബില്‍ നല്കുന്ന വ്യാപാരികള്‍ ബില്ലുകള്‍ തല്‍സമയം അപലോഡ് ചെയ്യണം. നികുതിവരുമാനം 20 മുതല്‍ 25 ശതമാനമായി ഉയര്‍ത്തും. ഇപ്പോള്‍ 12 ശതമാനമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കടം ഇരട്ടിയിലധികമായി വര്‍ധിച്ചു. ഭാവിയെ പോലും നോക്കാതെ കടം വാങ്ങുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. റവന്യു കമ്മി ക്രമാതീതമായി ഉയര്‍ന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഈ വര്‍ഷം ധനക്കമ്മി 17000 കോടിയായി ഉയര്‍ന്നേക്കുമെന്നു മന്ത്രി പറഞ്ഞു.