ചെന്നൈ: തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാം മോഹന റാവുവിന്റെ വസതിയില്‍ നിന്ന് 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അഞ്ച് കിലോഗ്രാം സ്വര്‍ണവും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. റാവുവിന്റെ മകന്‍ വിവേകിന്റെ വസതിയില്‍ നിന്ന് വെളിപ്പെടുത്താത്ത അഞ്ച് കോടിരൂപയും പിടികൂടി. കള്ളപ്പണക്കേസില്‍ പിടിയിലായ വ്യവസായിയും തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അംഗവുമായിരുന്ന ശേഖര്‍ റെഡ്ഡിയുമായി റാവുവിന് ബന്ധമുണ്ടെന്ന ആരോപണതത്തെ തുടര്‍ന്നാണ് റാവുവിന്റെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പുലര്‍ച്ചെ 5.30-ന് റാവുവിന്റെ വസതിയിലും ഉച്ചയ്ക്കു ശേഷം സെക്രട്ടേറിയറ്റിലെ ഓഫീസിലും പരിശോധന നടന്നു. സി.ആര്‍.പി.എഫ്. കാവലിലായിരുന്നു ചീഫ് സെക്രട്ടറിയുടെ വീട് പരിശോധിച്ചത്. കര്‍ണാടകയിലും ആന്ധ്രയിലുമുള്ള റാവുവിന്റെ ബന്ധുക്കളുടെ വസതികളിലും പരിശോധ നടത്തിയിരുന്നു.
2009-ല്‍ വ്യവസായി ശേഖര്‍ റെഡ്ഡിയുടെ വസതിയില്‍ നിന്ന് കോടികളുടെ കള്ളപ്പണം പിടികൂടിയിരുന്നു. ഇയാള്‍ക്ക് തമിഴ്നാട്ടിലെ ഉന്നതരായ രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്ന ആരോപണവും പിന്നാലെ ഉയര്‍ന്നിരുന്നു.