കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കും കമ്പക്കാര്ക്കുമെതിരെ കൊലക്കുറ്റം. ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലാണ് കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നത്. പുറ്റിങ്ങലില്‍ നടന്നത് മത്സരക്കമ്ബമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ 57 പ്രതികളില്‍ 37 പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ക്ഷേത്ര ഭാരവാഹികള്‍, കമ്ബക്കാര് എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. വെടിക്കെട്ട് നടക്കുമ്പോള്‍ സംഘാടകരോ, കമ്പക്കാരോ, കോണ്ട്രാക്ടര്മാരോ ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുത്തിരുന്നില്ലെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമ്പത് മീറ്റര്‍ ചുറ്റളവില്‍ പോലും ആള്‍ത്താമസമുള്ള വീടുകള്‍ ഉണ്ടായിരുന്നു. അതുപോലും പരിഗണിക്കാതെയാണ് മത്സര കമ്ബം നടത്തിയതെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.2016 ഏപ്രില്‍ 10 പുലര്‍ച്ചെ 3.30ന് ഉണ്ടായ ദുരന്തത്തില്‍ 110 പേര് കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കമ്ബപ്പുരയ്ക്ക് തീ പിടിച്ചായിരുന്നു അപകടം. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് മത്സര കമ്ബം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.