കൊച്ചി: ലോകോത്തര കലാകാരന്മാരുടെ പ്രദര്‍ശനം നടക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ വേദിയില്‍ ചിത്രം വരച്ച് മന്ത്രി ഏവരെയും അത്ഭുതപ്പെടുത്തി. കുരിശും മെഴുകു തിരികളും വരച്ച് എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍ അദ്ദേഹം നേര്‍ന്നു.
കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം കാണാനെത്തിയതായിരുന്നു സംസ്ഥാന തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. നടാടെയാണ് ബിനാലെ കാണാന്‍ അദ്ദേഹമെത്തുന്നത്. പ്രദര്‍ശനങ്ങളില്‍ മനം നിറഞ്ഞ മന്ത്രി താത്പര്യപൂര്‍വ്വം പ്രധാനവേദിയായ ആസ്പിന്‍വാള്‍ സമ്മുച്ചയത്തിലിരുന്ന് ചിത്രങ്ങള്‍ വരച്ചു.
താന്‍ ഒരു കലാകാരനല്ലെന്ന മുന്‍കൂര്‍ ജാമ്യം ആദ്യം തന്നെ അദ്ദേഹം ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ വച്ചു. പക്ഷെ സെക്കന്റുകള്‍ക്കുള്ളില്‍ പൂവന്‍കോഴിയെയും പറക്കുന്ന പക്ഷിയെയും വരച്ചതോടെ മന്ത്രിയുടെ പ്രതിഭ കാണികള്‍ക്ക് മനസിലായി. മലയും പുഴയും വള്ളങ്ങളുമടങ്ങുന്ന പശ്ചാത്തല ചിത്രം കൂടി വരച്ച് അദ്ദേഹം കൂടെ വന്ന ബിനാലെ ഗൈഡായ ഡോണ ജോണിയ്ക്ക് സമ്മാനിച്ചു.
‘അനിര്‍വചനീയമായ അനുഭൂതിയാണ് ഓരോ സൃഷ്ടികളും കാണുമ്പോള്‍ തോന്നുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ കലാ സാംസ്കാരിക ചൈതന്യത്തിന്റെ പ്രതിസ്പന്ദനങ്ങളാണിവിടെയുള്ളത്. മനുഷ്യമനസിന്റെ ആത്മബോധത്തിന്റെയും ഒരു ജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെയും ആത്മാവിഷ്കാരമാണ് ബിനാലെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മുസിരിസ് തുറമുഖത്തിലൂടെ കൈമാറിയ ചരിത്രപശ്ചാത്തലം ബിനാലെ സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തിന് തുറമുഖങ്ങളുമായുള്ള ബന്ധം തുറമുഖ മന്ത്രിയെന്ന നിലയില്‍ താന്‍ താത്പര്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.