സെന്റ്പീറ്റേഴ്സ്ബെര്‍ഗ് : സൈനിക വിമാനം തകര്‍ന്ന് 92 യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പടുത്തി റഷ്യയില്‍ ഇന്ന് ദേശീയ ദുഃഖാചരണം. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇന്നലെ ആയിരുന്നു 92 യാത്രക്കാരുമായി റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ടിയു 154 എന്ന വിമാനം കരിങ്കടലില്‍ തകര്‍ന്ന് വീണത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. റഷ്യയിലെ സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ നിന്നും സിറിയയിലെ ലഡാക്കായിലേക്ക് പോയ വിമാനം ടേക്ക് ഓഫ് ചെയ്ത് ഇരുപത് മിനിറ്റിനകം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സിറിയയിലെ ലഡാക്കിയ്ക്കടുത്ത റഷ്യന്‍ സൈനിക ബേസ്ലേക്ക് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായാണ് വിമാനം പുറപ്പെട്ടത്. മൂന്നു എഞ്ചിനുകളുള്ള മീഡിയം റേഞ്ച് ട്രാന്‍സ്പോര്‍ട്ട് വിമാനം ആണ് അപകടത്തില്‍പെട്ട ടിയു 154. വിമാനപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇതുവരെ പതിനൊന്ന് മൃതദേഹം മാത്രമാണ് കണ്ടെടുത്തത്. 110 ഓളം മുങ്ങല്‍ വിദഗ്ദരും ഹെലികോപ്റ്ററുകളും വിമാനങ്ങളുമുള്‍പ്പെടെ മൂവായിരത്തോളം പേരാണ് തെരച്ചില്‍ സംഘത്തിലുള്ളത്. വലിയ സ്പോട്ട്ലൈറ്റുകളുടെ സഹായത്തോടെ തീരത്തു നിന്നും 10.5 കിലോമീറ്റര്‍ ദൂരത്തിലാണ് തിരച്ചില്‍ നടക്കുന്നത്.