പെരുന്നാള്‍ റിലീസായി ജൂലായ് ഒന്നിന് കേരളത്തിലെ ഇരുപത് മുതല്‍ മുപ്പത് വരെ തിയ്യറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാനാണ് വിതരണക്കാരായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ പദ്ധതി.
കൊച്ചി: കേരളത്തില്‍ ഓടി മടുത്തിട്ടില്ല എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക്. റിലീസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരളത്തില്‍ രണ്ടാമതും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് 120 കോടിയിലേറെ രൂപ ചിലവിട്ട് നിര്‍മിച്ച ചിത്രം. പെരുന്നാള്‍ റിലീസായി ജൂലായ് ഒന്നിന് കേരളത്തിലെ ഇരുപത് മുതല്‍ മുപ്പത് വരെ തിയ്യറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാനാണ് വിതരണക്കാരായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ പദ്ധതി. ഗ്ലോബല്‍ മീഡിയ റിലീസ് ചെയ്ത കമ്മട്ടിപ്പാടവും ജംഗിള്‍ ബുക്കും ഇപ്പോഴും തിയ്യറ്ററുകളില്‍ ഓടുന്നുണ്ട്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അണിയറശില്‍പികള്‍ ഒന്നാം ഭാഗം വീണ്ടും പ്രേക്ഷകരില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ചൈനീസ് പതിപ്പ് ജൂലായ് 22ന് റിലീസ് ചെയ്യുന്നുണ്ട്. രണ്ടാം ഭാഗം 2017ലാണ് തിയ്യറ്ററുകളില്‍ എത്തുക.
പ്രഭാസ്, തമന്ന, അനുഷ്ക്ക ഷെട്ടി, റാണ ദഗ്ഗുബട്ടി, രമ്യ കൃഷ്ണന്‍, നാസര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷം ജൂലായി പത്തിനായിരുന്നു റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി നാലായിരം തിയ്യറ്ററുകളിലായിരുന്നു ഒരേസമയം റിലീസ്. 600 കോടി രൂപ നേടി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായ ചിത്രം മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി.