ഭര്‍ത്താവോ ബന്ധുക്കളായ മറ്റ് പുരുഷന്മാരോ ഒപ്പമില്ലാതെ നഗരത്തില്‍ പ്രവേശിച്ചെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. ആയുധധാരികളായ ഒരു കൂട്ടം പുരുഷന്മാരാണ് തനിച്ച് വീടിന് പുറത്തിറങ്ങിയ സ്ത്രീക്കെതിരെ ‘ശിക്ഷ’ നടപ്പാക്കിയത്. താലിബാന് നിയന്ത്രണത്തിലുള്ള സരേഫുല്‍ പ്രവിശ്യയിലാണ് സംഭവം. 30 വയസുകാരിയായ യുവതിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് സൈബുല്ല അമാനി അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് ഇറാനിലാണുള്ളത്. അതിനാല്‍ വീട്ടുസാധനങ്ങള്‍ വാങ്ങാനായാണ് ബന്ധുക്കള്‍ക്കൊപ്പമല്ലാതെ യുവതി പുറത്തിറങ്ങിയതെന്ന്. താലിബാന് നിയന്ത്രിത പ്രദേശങ്ങളില്‍ ഭര്‍ത്താവോ അടുത്ത ബന്ധുവായ പുരുഷനോ ഒപ്പമില്ലാതെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല. ജോലി ചെയ്യാനോ വിദ്യാഭ്യാസം നേടുന്നതിനോ സ്ത്രീകള്‍ക്ക് വിലക്കുമുണ്ട്.
നേരത്തെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന അഞ്ച് സ്ത്രീ ജീവനക്കാര്‍ ജോലിക്ക് പോകുന്നതിനിടെ കൊല ചെയ്യപ്പെട്ടിരുന്നു. വിമാനത്താവളത്തിലെ സ്ത്രീ യാത്രക്കാരെ പരിശോധിച്ചിരുന്ന അഞ്ച് വനിതാ സുരക്ഷാ ജീവനക്കാരാണ് അന്ന് കൊല്ലപ്പെട്ടത്. താമസ സ്ഥലത്ത് നിന്ന് വാഹനത്തില്‍ എയര്‍പോര്‍ട്ടിലേക്ക് വരവെ, രണ്ട് ബൈക്കുകളിലായി വാഹനത്തെ പിന്തുടര്‍ന്ന സംഘം ഇവര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. അഞ്ച് സ്ത്രീകളും വാഹനത്തിന്റെ ഡ്രൈവറും അന്ന് കൊല്ലപ്പെട്ടു. ഇതിന് ശേഷം ഒരു മാസം തികയുന്നതിന് മുമ്പാണ് പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്.