ദില്ലി: പുതുവർഷത്തിൽ സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വിലയും മണ്ണെണ്ണ വിലയും എണ്ണ കമ്പനികൾ വീണ്ടും വർധിപ്പിച്ചു.പാചകവാതകം സിലിണ്ടർ ഒന്നിന് രണ്ട് രൂപയാണ് ഇത്തവണ വർധിപ്പിച്ചിരിക്കുന്നത്. സബ്സിഡി നിരക്കിലുള്ള പാചകവാതക വില സിലിണ്ടറിന് 434.71 രൂപയാണ് ഡല്‍ഹിയിലെ വില. സബ്സിഡിയുള്ള 12 സിലിണ്ടറുകൾക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ശനിയാഴ്ച ഒരു രൂപ വർധിപ്പിച്ചിരുന്നു. സബ്സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ സിലിണ്ടറുകൾക്ക് രണ്ട് രൂപയെന്ന നിരക്കിൽ വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മണ്ണെണ്ണ വില ലിറ്ററിന് 26 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. വിമാന ഇന്ധനവില എട്ട് ശതമാനം വർധിച്ച് കിലോ ലിറ്ററിന് 52, 540.63 രൂപയായി.