മുംബൈ: എടിഎമ്മുകളില്‍ 2,000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എടിഎം വഴി പിന്‍വലിക്കാവുന്ന തുക 4,500 ആക്കി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. എടിഎമ്മുകളിലൂടെയും ബാങ്കുകളിലൂടെയും വിതരണം ചെയ്യുന്നതിന് ആവശ്യമായത്ര നോട്ടുകള്‍ ലഭിക്കുന്നില്ലെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു. 2,000 രൂപയുടെ നോട്ടുകള്‍ മാത്രം എടിഎമ്മുകളില്‍ ലഭിക്കുന്നതു മൂലം, ചില്ലറയ്ക്ക് ക്ഷാമം നേരിടുന്നതായി ഇടപാടുകാരും പരാതി ഉയര്‍ത്തിയിരുന്നു. 500 രൂപ നോട്ടുകളുടെ ക്ഷാമമാണ് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി ബാധിക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ 2000, 100 രൂപാ നോട്ടുകളാണ് എടിഎമ്മുകളില്‍ നിറച്ചിരുന്നത്. ജനങ്ങള്‍ 2,500 രൂപയുടെ 100 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതു മൂലം മിക്ക എടിഎമ്മുകളിലും നിറച്ച ഉടന്‍തന്നെ ചില്ലറ തീരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ചയാണ് എടിഎം വഴിയുള്ള പിന്‍വലിക്കല്‍ നിരക്ക് 2500ല്‍നിന്ന് 4,500 രൂപയാക്കി ഉയര്‍ത്തിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ആഴ്ചയില്‍ പരമാവധി 24,000 രൂപ എന്ന പരിധി വര്‍ധിപ്പിച്ചിട്ടില്ല.