ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്കകെയെയും സുപ്രീം കോടതി പുറത്താക്കി. വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. അനുരാഗ് ഠാക്കൂര്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ക്ഷമാപണം നടത്തിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകള്‍ ബിസിസിഐയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച വാദങ്ങള്ക്കിടെയാണു ഠാക്കൂറിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ കോടതി നടത്തിയത്. ബിസിസിഐയുടെ സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) നിയമിക്കണമെന്ന സമിതി ശുപാര്‍ശയ്ക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) കത്ത് ആവശ്യപ്പെട്ടതാണു ഠാക്കൂറിനെ വെട്ടിലാക്കിയത്. ഐസിസി സിഇഒ: ഡേവ് റിച്ചാര്‍ഡ്സണില്‍നിന്നു താന്‍ അത്തരമൊരു കത്ത് ആവശ്യപ്പെട്ടിട്ടില്ലെന്ന സത്യവാങ്മൂലം ഠാക്കൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കത്ത് ആവശ്യപ്പെട്ടുവെന്ന് ഐസിസി ചെയര്മാന് ശശാങ്ക് മനോഹര്‍ നടത്തിയ വെളിപ്പെടുത്തലാണു ഠാക്കൂറിനെ കുടുക്കിയത്. സിഎജി നിയമനം ബാഹ്യ ഇടപെടലാണെന്നും അതുവഴി ബോര്‍ഡിന് ഐസിസിയുടെ അംഗീകാരം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയുള്ള കത്ത് എഴുതാന്‍ ഠാക്കൂര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നു ശശാങ്ക് വ്യക്തമാക്കിയിരുന്നു.