കൊച്ചി : പൗരസ്ത്യ ക്ലാസിക് ചിത്രത്തെ ആധുനിക ചൈനയിലെ ഫോട്ടോയിലേയ്ക്ക് പകര്‍ത്തുന്നതാണ് ചൈനീസ് കലാകാരനായ ദായ് ഷിയാങ്ങിന്റെ കൊച്ചി മുസിരിസ് ബിനാലെയിലെ പ്രദര്‍ശനം. 25 മീറ്ററാണ് ഈ ഫോട്ടോയുടെ നീളം. വലിപ്പം കൊണ്ടല്ല, സൂക്ഷ്മതകളുടെയും ചരിത്രത്തിന്റെ കാലികപ്രസക്തമായ പുനരാഖ്യാനത്തിന്റെയും പ്രത്യേകതകള്‍ കൊണ്ടാണ് ‘ദി ന്യൂ എലോംഗ് ദി റിവര്‍ ഡ്യൂറിംഗ് ദി കിങ്ങ്മിങ്ങ് ഫെസ്റ്റിവല്‍ 2014’ എന്നു പേരിട്ടിരിക്കുന്ന സൃഷ്ടി ശ്രദ്ധേയമാകുന്നത്.പന്ത്രണ്ടാം നൂറ്റാണ്ടിലെ ഴാങ് സെഡ്വാന്റെ പ്രശസ്ത വരയായ റിവര്‍സൈഡ് സീന്‍ അറ്റ് കിങ്ങ്മിങ്ങ് ഫെസ്റ്റിനെ അടിസ്ഥാനമാക്കിയ സൃഷ്ടിയില്‍ കഥാപാത്രങ്ങളെയും സംഭവവികാസങ്ങളേയും പൂര്‍ണമായും പരിവര്‍ത്തനം ചെയ്തിരിക്കുകയാണെന്ന് ദായ് ഷിയാങ്ങ് പറയുന്നു.
മൂന്നുവര്‍ഷത്തെ പ്രയത്നവും ആയിരത്തിലധികം ഷോട്ടുകളും ഈ ചിത്രത്തിന്റെ നിര്മാണത്തിനുപിന്നിലുണ്ട്. ആയിരത്തോളം കഥാപാത്രങ്ങള്‍ കടന്നുവരുന്ന പനോരമയില്‍ 90 കഥാപാത്രങ്ങളായി ദായ് ഷിയാങ്ങ് തന്നെ വേഷമിട്ടിട്ടുണ്ട്. ഒരു ടെറാബൈറ്റോളം ഡേറ്റ ഉപയോഗിച്ചും, പതിനായിരത്തിലേറെ ലെയറുകളിലായി പ്രോസസിംഗും കഴിഞ്ഞശേഷമാണ് അന്തിമചിത്രം തയ്യാറായത്. ദേശകാല അതിരുകള്‍ ഭേദിച്ച് വര്‍ത്തമാനകാല ചൈനയിലെ യാഥാര്‍ഥ്യങ്ങളെ നാടകീയ ആഖ്യാനത്തിലൂടെ സ്ഥാപിച്ചെടുക്കുകയാണ് ചിത്രം. നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുക മാത്രമല്ല, നിലവിലെ പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുക കൂടിയാണ് കലാകാരന്. സോങ്ങ് വംശകാലഘട്ടത്തിലെ പെയ്ന്റിംഗിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുനരാഖ്യാനം ചൈനീസ് സമൂഹമാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായിരുന്നു. ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ പനോരമ ചിത്രം ആദ്യ കാഴ്ചയില്‍ സോങ്ങ് പെയിന്റിംഗ് പോലെതന്നെ തോന്നും. എന്നാല്‍ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, ആധുനിക ചൈനയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ദൃശ്യമാകും.
പുതിയ തലമുറയിലെ ആസ്വാദകര്‍ക്ക് കൂടുതല്‍ അടുപ്പമുള്ള ദൃശ്യങ്ങളാണ് ഫോട്ടോയില്‍ ഉപയോഗിച്ചിരിക്കുന്നത്. തെരവുകച്ചവടക്കാരുമായി തര്‍ക്കത്തിലായിരിക്കുന്ന ചെന്ഗ്വാന് എന്ന സ്ഥാനപ്പേരുള്ള നഗരഭരണ ഉദ്യോഗസ്ഥര്‍, കുടികിടപ്പുകാരെ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്ന റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍, ലൈംഗികതൊഴിലാളികളുടെ തെരുവുകള്‍, വിലകൂടിയ ആഡംബര കാറുകള്‍, അപകടദൃശ്യങ്ങള്‍, ഇവയ്ക്കിടയിലൂടെ ഇതൊന്നും അറിയാതെ ക്യാമറയുമായി നടക്കുന്ന വിനോദസഞ്ചാരികള്‍ എന്നിങ്ങനെ പുതുലോകത്തോട് സംവേദിക്കുന്ന ചിഹ്നങ്ങളാണ് പനോരമയിലുടനീളം ഉപയോഗിക്കുന്നത്.
മുപ്പതോളം രംഗങ്ങള്‍ ഉള്‍പ്പെടുന്ന പനോരമയില്‍ ചിലയിടത്ത് യഥാര്‍ഥ സംഭവങ്ങളുടെ പുനരാഖ്യാനവും ഉണ്ട്. 2009ല്‍ നദിയില്‍പെട്ട കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ശവശരീരം കണ്ടെത്തുവാന്‍ മീന്‍പിടിത്തക്കാര്‍ വന്‍തുക ആവശ്യപ്പെട്ടത് ചൈനയില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകന് പിതാവിന്റെ പേരുപയോഗിച്ചു രക്ഷപ്പെടുന്ന രംഗവും പനോരമയിലുണ്ട്. ആധുനിക ചൈനയുടെ പരിച്ഛേദം എന്ന നിലയിലും കച്ചവടവത്കരിക്കപ്പെട്ട സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ച എന്ന നിലയിലും ദായ് ഷിയാങ്ങിന്റെ സൃഷ്ടി ആഗോളശ്രദ്ധ നേടിയതാണ്.
യാഥാസ്ഥിക ലോകവീക്ഷണമുള്ള ചൈനയുടെ ഉദാരവത്കരണത്തിനുശേഷമുള്ള പാശ്ചാത്യ-പൗരസ്ത്യ സംസ്കാരങ്ങളുടെ സംഘര്‍ഷം ഡിജിറ്റല്‍ പനോരമ ചിത്രത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചതായി ദായ് ഷിയാങ്ങ് പറയുന്നു. സാങ്കേതികമായി പറഞ്ഞാല്‍, കാഴ്ചയുടെ നിയമങ്ങള്‍ അതിലംഘിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിവിധ കാഴ്ചപ്പാടുകള്‍ ഒരുമിച്ചുകൊണ്ടുവരുന്നതിലൂടെ ആഴമുള്ള ഒരു ആഖ്യാനം നല്കാന് ശ്രമിച്ചു. ആസ്വാദകനായും പങ്കാളിയായും വിവിധ സാമൂഹ്യവേഷങ്ങളില് ചിത്രത്തിലുടനീളം ‘ഞാന്‍’ എന്ന ഘടകവും കലര്‍ന്നിട്ടുണ്ട്. ആധുനിക ചൈനയിലേക്കുള്ള യാത്രയിലെ കഥകളും വിവിധ സാമ്യങ്ങളും വൈരുദ്ധ്യങ്ങളും ഫോട്ടോയിലൂടെ വ്യക്തമാക്കാന്‍ സാധിച്ചെന്നാണ് വിശ്വാസമെന്നും ദായ് ഷിയാങ്ങ് പറയുന്നു.
ചൈനയിലെ ടിയാന്‍ജിനില്‍ ജനിച്ച ദായ് ഷിയാങ്ങിന്റെ പ്രവര്‍ത്തനം ടിയാന്‍ജിനിലും ബെയ്ജിങ്ങിലുമായാണ്. സര്‍വകലാശാല പഠനസമയത്ത് ചൈനീസ് പരമ്പരാഗത ചിത്രകല പഠിക്കുന്നതിന്റെ ഭാഗമായി ഴാങ് സെഡ്വാന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതാണ് ഈ സംരംഭത്തിലേക്കുള്ള വഴി തുറന്നത്.