ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റിവെച്ചു. കേസ് ഫെബ്രുവരി രണ്ടാം വാരം കോടതി പരിഗണിക്കും. കേസിന്റെ അന്തിമ വാദം മറ്റിവെയ്ക്കണമെന്ന് സി.ബി.ഐ തന്നെയാണ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്.
കേസ് വാദിക്കുന്നതിനായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജനെയാണ് സി.ബി.ഐ കൊണ്ടുവരാനിരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അദ്ദേഹം ഇന്ന് ഹൈദരാബാദില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അവിടുത്തെ കോടതിയില്‍ ഹാജരാകുന്നതിനാല്‍ ഇന്ന് കൊച്ചിയിലെത്താന്‍ കഴിയില്ലെന്ന് സി.ബി.ഐ, കോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ലാവ്‍ലിന്‍ കേസിന്റെ അന്തിമവാദം തുടങ്ങുന്നത് മാറ്റിവെയ്ക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ച കോടതി, കേസ് ഫെബ്രുവരി രണ്ടാം വാരത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. കേസിന്റെ തീയ്യതി തീരുമാനിച്ചിട്ടില്ല. ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ, ജനുവരി നാലു മുതല്‍ 12 വരെ തുടര്‍ച്ചയായി കേസില്‍ അന്തിമ വാദം കേട്ട് തീര്‍പ്പുണ്ടാക്കാമെന്നായിരുന്നു അറിയിച്ചത്. അതിന് ശേഷമാണ് കേസുകളുടെ ബെഞ്ച് മാറ്റിയത്. തുടര്‍ന്ന് ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.