തിരുവനന്തപുരം: സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നതിനിടെ രാഷ്ട്രീയ കാര്യസമിതിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.എന്നാൽ ഉമ്മൻചാണ്ടിയുടെ സൗകര്യം പരിഗണിച്ചാണ് 14 ന് യോഗം നിശ്ചയിച്ചതെന്നായിരുന്നു കെ പി സി സി അധ്യക്ഷൻ വിഎം സുധീരന്റെ പ്രതികരണം. അതേസമയം, നോട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി ഇന്നും രംഗത്തെത്തി. പ്ലാസ്റ്റിക്ക് നോട്ടടിക്കാന്‍ തയാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബ്രിട്ടീഷ് കമ്പനി ഡി ലാ റൂവിനെതിരെ താന്‍ ആരോപണമുന്നയിച്ചപ്പോള്‍ വെബ്സൈറ്റില്‍ നിന്ന് കമ്പനിയുടെ വിവരങ്ങള്‍ നീക്കിയെന്ന് ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡി ലാ റൂവിനെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ഇന്തോ-ബ്രിട്ടീഷ് ടെക് ഉച്ചകോടി പ്ലാറ്റിനം സ്‌പോണ്‍സറായിക്കിയത് സംബന്ധിച്ച് താന്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി പറയാതെ വിവരം സബ്മിറ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഈ വിവരം നീക്കം ചെയ്യുകയാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ ഏറ്റെടുക്കാൻ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് വേണ്ടവിധം കഴിഞ്ഞില്ലെന്ന ആക്ഷേപത്തിനിടെയാണ് കേന്ദ്രസര്‍ക്കാറിനെതിരെ കേരളത്തിൽ നിന്ന് ഉമ്മൻചാണ്ടി ആഞ്ഞടിക്കുന്നത്. ഐ ഗ്രൂപ്പ് വിട്ട് എ പാളയത്തിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തകൾക്കിടെ വാര്‍ത്താസമ്മേളനത്തില്‍ കെ മുരളീധരന്‍ എംഎല്‍എയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. നയരൂപീകരണ വേദിയിൽ നോട്ട് വിഷയം ഉന്നയിക്കേണ്ടതല്ലേ എന്നചോദ്യത്തിന് മറുപടി നൽകിയതും കെ മുരളീധരനായിരുന്നു.