ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധികള്‍ സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും.ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അരവിന്ദ് കെജ്രിവാള് സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ മിക്ക തീരുമാനങ്ങളെയും കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ
പ്രവര്‍ത്തനംതന്നെ തടസപ്പെടുന്ന സാഹചര്യമാണുള്ളത്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്കാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഇടപെടലുകള്‍ നടത്തുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, അഴിമതി വിരുദ്ധ ഏജന്‍സിയുടെ പ്രവര്‍ത്തനം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനൊടുവിലാണ് വിഷയം സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ളത്.