മംഗളൂരു• മംഗളൂരു വിമാനത്താവളം വഴി ദുബായിലേക്കു പോകാനെത്തിയ യാത്രക്കാരനില്‍ നിന്ന് 25.07 ലക്ഷം രൂപയുടെ വിദേശ കറന്‍സി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. കര്‍ണാടകയിലെ ഭട്കല് സ്വദേശി മഹുമ്മദ് ഫറൂഖ് അര്മാറില് (51) നിന്നാണു യുഎസ് ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, യൂറോ, യുഎഇ ദിര്‍ഹം, സൗദി റിയാല്‍, ഖത്തര്‍ റിയാല്‍ എന്നിവ പിടികൂടിയത്.
കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ക്കു ശേഷമാണ് ഇയാള്‍ പിടിയിലായത്. ബിസ്കറ്റ്, ബേക്കറി സാധനങ്ങള്‍ എന്നിവയുടെ പായ്ക്കറ്റുകളിലാണു നോട്ടുകള്‍ ഒളിപ്പിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു മൊബൈല്‍ ഫോണും മറ്റും ഇന്ത്യയിലേക്കു കള്ളക്കടത്തു നടത്തിയിരുന്നതായും ഇതില്‍ നിന്നു ലഭിക്കുന്ന പണം കൊണ്ടാണു ഭട്കലില്‍ നിന്നും മറ്റും വിദേശകറന്‍സി വാങ്ങിയതെന്നും ഇയാള്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയിട്ടുണ്ട്.