തട്ടേക്കാട് വനത്തില്‍ നായാട്ടുകാരന്‍ ടോണി മരിച്ചത് രക്തം വാര്‍ന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

234

കൊച്ചി: തട്ടേക്കാട് വനത്തില്‍ നായാട്ടുകാരന്‍ ടോണി മരിച്ചത് രക്തം വാര്‍ന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആനയുടെ ചവിട്ടേറ്റല്ല മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടോണിയുടെ ശരീരത്തില്‍ സാരമായ മറ്റ് മുറിവുകളൊന്നുമില്ല. അതേസമയം, ടോണിയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. ബുധനാഴ്ച രാത്രിയാണ് ഞായപ്പിള്ളി വഴൂതനപ്പിള്ളില്‍ മാത്യൂവിന്‍റെ മകന്‍ ടോണി (25) വനത്തിനുള്ളില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചത്. നായാട്ടുസംഘത്തിലുണ്ടായിരുന്ന വാട്ടപ്പിള്ളി ബേസിലിനെ (34) ഗുരുതരമായ പരുക്കുകയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വടക്കേല്‍ ഷൈറ്റ് ജോസഫ് (25), നാലുസെന്‍റ് കോളനിയിലെ ചെറുവ അജേഷ് രാജന്‍ (20) എന്നിവര്‍ ഒളിവിലാണ്. നായാട്ടിനിടെ വിശ്രമിക്കുന്പോള്‍ കാട്ടാനയുടെ അപ്രതീക്ഷിതമായ ആക്രമണമാണ് ടോണിയുടെ മരണത്തില്‍ കലാശിച്ചതെന്നായിരുന്നു കരുതിയിരുന്നത്. ആനയെ നേരിടുന്നതിനിടെ സംഘത്തിലുള്ളവര്‍ വെടിവച്ചത് ലക്ഷ്യം തെറ്റി ടോണിയുടെ ദേഹത്ത് കൊണ്ടതാണെന്നും രക്ഷിക്കാനെത്തിയ ബേസിലിനെ ആന എടുത്തെറിഞ്ഞുവെന്നുമായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ആനയുടെ ആക്രമണമല്ല ടോണിയുടെ മരണത്തിനു പിന്നിലെന്ന് വ്യക്തമായതോടെ വനത്തിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന ദുരൂഹത ചുരുള്‍ നിവരാനുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഒളിവില്‍ പോയതും ദുരൂഹമാണ്. ബേസിലിന് ഗുരുതരമായി പരുക്കേറ്റതും എങ്ങനെയാണെന്നും വ്യക്തമാകേണ്ടതുണ്ട്.

NO COMMENTS

LEAVE A REPLY