കൊച്ചി: സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്. സെസ്, വിനോദ നികുതി എന്നിവ സര്‍ക്കാരിലേക്ക് അടക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറാണ് സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ റെയ്ഡ് നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയത്. സിനിമാ സമരത്തില്‍ കടുംപിടുത്തം പിടിക്കുന്ന തിയേറ്റര്‍ ഉടമകളെ സമ്മര്‍ദത്തിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് വിജിലന്‍സ് ഇടപെടലിന് വഴിവച്ചത്. സംസ്ഥാനത്തെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് ഒരു ടിക്കറ്റ് വില്‍ക്കുമ്ബോള്‍ സെസ് ഇനത്തില്‍ മൂന്നു രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം. മള്‍ട്ടിപ്ലെക്സുകളും എ ക്ലാസ് തിയേറ്ററുകളും ഉള്‍പ്പെടെ എല്ലാ തിയേറ്ററുകളും ഈ തുക സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.എന്നാല്‍, തിയേറ്റര്‍ ഉടമകള്‍ ഇതില്‍ കൃത്രിമം കാട്ടുകയോ വീഴ്ച വരുത്തുകയും ചെയ്യുന്നുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് റെയ്ഡ്. സംസ്ഥാനത്ത് സിനിമാ സമരത്തിന് നേതൃത്വം നല്‍കുന്ന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതാവ് ലിബര്‍ട്ടി ബഷീറിന്റെ തലശ്ശേരിയിലുള്ള തിയേറ്റര്‍ കോംപ്ലെക്സില്‍ ഉള്‍പ്പെടെ വിജിലന്‍സ് റെയ്ഡ് നടത്തുന്നുണ്ട്. ലിബര്‍ട്ടി പാരഡൈസ് തിയേറ്ററുകളില്‍ 80 രൂപയുടെ ടിക്കറ്റിന് 100 രൂപ ഈടാക്കുന്നതായും ചിലര്‍ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു.
സിനിമാ സമരം ഒത്തുതീര്‍ക്കുന്നതിനായി സര്‍ക്കാര്‍ മധ്യസ്ഥതയില്‍ ശ്രമം നടത്തിയപ്പോള്‍ കമ്മീഷനെ വെയ്ക്കാമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം തിയേറ്റര്‍ ഉടമകള്‍ തള്ളുകയും മള്‍ട്ടിപ്ലെക്സുകള്‍ക്ക് നല്‍കുന്ന അനുപാതത്തില്‍ തിയേറ്റര്‍ വിഹിതം നല്‍കണമെന്ന് കടുംപിടുത്തം പിടിക്കുകയും ചെയ്തിരുന്നു.