തൊഴില്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ത്രികക്ഷിയോഗങ്ങളിലും, അന്താരാഷ്ട്ര തലത്തിലുള്ള സമ്മേളനങ്ങളിലും ഐ.എന്‍.ടി.യു.സി.ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി.യുടെ ഒരു തലങ്ങളിലും യാതൊരുതരത്തിലുമുള്ള ആധികാരികതയുമില്ലാത്ത ഏതോഒരാളുടെ കത്തിനെത്തുടര്‍ന്നാണ് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും അംഗീകരിക്കപ്പെട്ട ഐ.എന്‍.ടി.യു.സി.ക്ക് എതിരെയുള്ള ഇപ്പോഴത്തെ നടപടി. ഇത് വളരെ വിചിത്രമാണ്. ഇപ്പോള്‍ നടന്നുവരുന്ന തൊഴിലാളികളുടെ അംഗബലം സംബന്ധിച്ച വെരിഫിക്കേഷനില്‍ ഐ.എന്‍.ടി.യു.സി. ഒന്നാമതായി വരുന്നത് ഒഴിവാക്കാനുള്ള മോദിസര്‍ക്കാരിന്റെ ഗൂഡശ്രമമാണിത്.
ജവഹര്‍ലാല്‍ നെഹുറുവിന്റെകാലംമുതല്‍ കാലാകാലങ്ങളില്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന തൊഴിലാളി രക്ഷാ നിയമങ്ങളെ അട്ടിമറിച്ച് കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കാനുള്ള മോദിസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ദേശീയതലത്തില്‍ നടന്നുവരുന്ന പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന ത് ഐ.എന്‍.ടി.യു.സി.യും അതിന്റെ പ്രസിഡന്റ് സജ്ജീവറെഡ്ഡിയുമാണ്. ഇതിലുള്ള ബി.ജെ.പി.യുടെ അസഹിഷ്ണുതയാണ് ഐ.എന്‍.ടി.യു.സി.ക്കെതിരായ നടപടി. മഹാത്മാഗാന്ധിയുടെയും, ജവഹര്‍ലാല്‍ നെഹുറുവിന്റെയും, സര്‍ദാര്‍വല്ലഭായി പട്ടേലിന്റെയും, ആചാര്യകൃപലാനിയുടെയും അനുഗ്രഹാശിസ്സുകളോടെ രൂപംകൊണ്ട ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായ ഐ.എന്‍.ടി.യു.സി.ക്കെതിരെ മോദിസര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യവിരുദ്ധമായ നടപടിയില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാവണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.