കടലാസ് ചുരുട്ടിയുണ്ടാക്കിയ ‘ശുചിമുറി’ ബിനാലെ കാഴ്ചക്കാരില്‍ അത്ഭുതം സൃഷ്ടിക്കുന്നു.

216

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസ് സമുച്ചയത്തില്‍ സന്ദര്‍ശകരെ ‘അബദ്ധ’ത്തിലാക്കുന്ന പ്രതിഷ്ഠാപനമാണ് ദിയ മേത്ത ഭൂപലിന്റേത്. പ്രദര്‍ശനങ്ങള്‍ കണ്ടു വരുമ്പോള്‍ അതാ തുറന്നിട്ട ഒരു ശുചി മുറി. ഇളം ആകാശ നീല നിറത്തിലുള്ള ഈ മുറി സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും. വെറും കടലാസ് ചുരുട്ടിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

‘ബാത്ത്‌റൂം സെറ്റ്’എന്ന് പേരിട്ടിരിക്കുന്ന ഈ സൃഷ്ടി മാത്രമാണ് ബിനാലെ പ്രദര്‍ശനത്തിലുള്ളത്. യഥാര്‍ത്ഥ വലുപ്പത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റ്, ക്ലിനിക്കിലെ വെയിറ്റിംഗ് റൂം, പുസ്തകശാല, വിമാനത്തിനുള്‍വശം എന്നിവയും ദിയ മേത്ത ​​നിർമ്മിച്ചിട്ടുണ്ട് ഇവയുടെ ഫോട്ടോകള്‍ ആനന്ദ് വെയര്‍ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ശമകരമായ ജോലിയാണ് ദിയയുടേത്. പത്രക്കടലാസ്, മാസികകള്‍ എന്നിവയില്‍ നിന്ന് താളുകള്‍ കീറിയെടുത്ത് ചുരുട്ടിയാണ് നിര്‍മ്മിതികള്‍ സൃഷ്ടിക്കുന്നത്. വളരെ വലുപ്പമുള്ള നിര്‍മ്മിതികള്‍ക്ക് മാസങ്ങളും വര്‍ഷങ്ങളുമെടുക്കും. സൃഷ്ടി പൂര്‍ണമായി കഴിഞ്ഞാല്‍ ഫോട്ടോ പകര്‍ത്തിയതിനു ശേഷം അത് ഇളക്കി മാറ്റുകയെന്നതാണ് ദിയയുടെ രീതി.

ഫോട്ടോ പകര്‍ത്തിക്കഴിഞ്ഞതിനു ശേഷം ദിയ ഒരു സൃഷ്ടി അപ്പാടെ പ്രദര്‍ശനത്തിന് വയ്ക്കുന്നത് കൊച്ചി ബിനാലെയിലാണ്. ബാത്ത്‌റൂം എന്ന സൃഷ്ടിയുടെ ഭിത്തിയില്‍ ആകെ 3500 ടൈലുകളാണ് തീര്‍ത്തിരിക്കുന്നത്. ഓരോ ടൈലും 350 കടലാസ് ചുരുളുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബാത്ത്‌റൂമിന്റെ തറയില്‍ 250 ടൈലും മുകള്‍ഭിത്തിയില്‍ 138 ടൈലും ഉണ്ട്. ഒന്നേകാല്‍ വര്‍ഷത്തെ പരിശ്രമത്തിലൂടെയാണ് ദിയ ഈ അമ്പരപ്പിക്കുന്ന പ്രതിഷ്ഠാപനം സൃഷ്ടിച്ചത്.

വിവാഹം കഴിഞ്ഞ മുംബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് പോയതാണ് ദിയയെ സംബന്ധിച്ച് വഴിത്തിരിവാകുന്നത്. പുതിയ ഇടത്തില്‍ കിട്ടിയ ബന്ധങ്ങള്‍ വൈവിദ്ധ്യം നിറഞ്ഞതായിരുന്നു. പൊതു സുഹൃത്തുക്കള്‍, അപരിചിതര്‍ എന്നിങ്ങനെ പോകുന്നു ഹൈദരാബാദ് ജീവിതം. ഈ അനുഭവങ്ങളില്‍ നിന്നാണ് ഒരേ സമയം പരിചിതവും അപരിചതത്വവും നിറഞ്ഞ ഈ സൃഷ്ടി നടത്താനായതെന്ന് ദിയ പറയുന്നു. ഒറ്റ നോട്ടത്തില്‍ പരന്ന പ്രതലമാണ് ബാത്ത്‌റൂമിനുള്ളത്. എന്നാല്‍ സൂക്ഷ്മമായ നോട്ടത്തില്‍ അതില്‍ വ്യത്യാസങ്ങള്‍ തോന്നാം. നിറം നീലയായി തോന്നുമെങ്കിലും അതില്‍ തന്നെ മങ്ങിയതും കടുപ്പമേറിയതുമുണ്ട്. വെള്ളയുടെ കാര്യവും അങ്ങിനെ തന്നെ. ഇതെല്ലാം തന്റെ അനുഭവങ്ങളുടെ പ്രതിഫലനമാണെന്നാണ് ദിയ പറയുന്നത്. യാഥാര്‍ത്ഥ്യവും അയാഥാര്‍ത്ഥ്യവും ഏതെന്ന ചോദ്യം എപ്പോഴുമുയരുന്നു.

യഥാര്‍ത്ഥ അളവിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടാക്കുകയെന്നത് വെല്ലുവിളിയായിരുന്നുവെന്ന് ദിയ പറഞ്ഞു. വിവിധങ്ങളായ നിറം ലഭിക്കുകയെന്നതായിരുന്നു പ്രധാന പ്രശ്‌നം. മാത്രമല്ല, സൂപ്പര്‍മാര്‍ക്കറ്റിലെ ഓരോ വ്യക്തിയുടെയും കൂടയില്‍ വ്യത്യസ്തങ്ങളായ സാധനങ്ങളായിരിക്കും. അതിനെല്ലാം വ്യത്യസ്തമായ നിറവും വേണം. അതിനായി മാസികകള്‍ നിരവധി തെരഞ്ഞുവെന്നും അവര്‍ പറഞ്ഞു. ബാഹ്യമായ യാഥാര്‍ത്ഥ്യങ്ങള്‍ ഒന്നാണെങ്കിലും മനസിന്റെ പ്രതിഫലനവും പ്രതികരണവും രണ്ടാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

കഥകള്‍ പ്രതീകവത്കരിക്കാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്ന് ദിയ മേത്ത പറയുന്നു. ദൈനംദിന ജീവിതം, തൊഴില്‍ എന്നിവയിലെ അസാധാരണത്വമാണ് തന്റെ പ്രചോദനമെന്നും അവര്‍ പറയുന്നു. ഫോട്ടോജേണലിസം, ഡോക്യുമന്ററി, ഫാഷന്‍ ഫോട്ടാഗ്രാഫി എന്നിവയില്‍ ദിയ പ്രാവീണ്യം നേടിയിട്ടുണ്ട്. ഓരോ വ്യക്തിയുടെയും ദിനം തോറുമുള്ള ജീവിതത്തിലെ മാറ്റങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കുമെന്നതാണ് ദിയയുടെ സൃഷ്ടികളുടെ പ്രധാന പ്രചോദനം.

NO COMMENTS

LEAVE A REPLY