ആതിരയ്ക്കും ആര്‍ച്ചയ്ക്കും അഭയമായി കാരുണ്യം നിറച്ച്‌ പ്രിയതാരം മഞ്ചുവാര്യര്‍

299

ഹരിപ്പാട്: അന്തിയുറങ്ങാന്‍ വീടില്ലാത്തിനാല്‍ തീവണ്ടി വീടാക്കി മാറ്റിയ ആതിരയ്ക്കും ആര്‍ച്ചയ്ക്കും തലചായ്ക്കാനിടവുമായി മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യര്‍. തീവണ്ടി ബോഗി വീടാക്കി മാറ്റി ജീവിച്ച ആര്‍ച്ചയും ആതിരയും മാതാപിതാക്കളും മഞ്ജു വാര്യരുടെ കാരുണ്യത്തില്‍ വാടകവീട്ടിലേക്ക് മാറി. വീടില്ലാത്തതിന്റെ പേരില്‍ രാത്രിയില്‍ ട്രെയിന്‍ കയറി കഴിയുന്ന കുടുംബത്തിന്റെ വിവരം കഴിഞ്ഞദിവസം മലയാളത്തിലെ പ്രമുഖ മാധ്യമം പുറത്തു വിട്ടതിന് പിന്നാലെയാണ് മഞ്ചു വാര്യര്‍ അടക്കമുള്ളവര്‍ സഹായ ഹസ്തവുമായി എത്തിയത്.
ആര്‍ച്ചയും ആതിരയും പിതാവ് പ്രദീപും മാതാവ് രമ്യയും വീടില്ലാത്തതിനെ തുടര്‍ന്ന് പാസഞ്ചര്‍ തീവണ്ടിയിലും മറ്റുമായിരുന്നു കഴിഞ്ഞിരുന്നത്. കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പോകുന്ന തീവണ്ടികളിലായിരുന്നു ഇവരുടെ താമസം. വാര്‍ത്ത അറിഞ്ഞ് മഞ്ജു ആളെ വിടുകയും താമസിക്കാനുള്ള വീടിന്റെ വാടകയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കാന്‍ താല്‍പ്പര്യം കാട്ടുകയുമായിരുന്നു. വ്യാഴാഴ്ച മഞ്ജുവിന്റെ പ്രതിനിധികള്‍ കുടുംബത്തെ കാണുകയും വീട് ഏര്‍പ്പാടാക്കുകയും ചെയ്തു. തലത്തോട്ട മഹാദേവര്‍ ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വാടക വീടാണ് ഇവര്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. ചെറിയ ഒരു കടമുറി കൂടിയുള്ള വീടാണിത്. കുടുംബത്തെ കാണാന്‍ മഞ്ജു വാര്യര്‍ വെള്ളിയാഴ്ച വാടകവീട്ടില്‍ എത്തുന്നുണ്ട്.
മുട്ടം മുല്ലക്കര എല്‍പി സ്കൂളില്‍ നാലാം ക്ലാസ്സുകാരിയാണ് ആര്‍ച്ച. ആതിര രണ്ടിലും പഠിക്കുന്നു. രണ്ടു വര്‍ഷം മുമ്ബ് അപകടത്തില്‍ പിതാവ് പ്രദീപിന് കാല്‍പ്പാദം നഷ്ടപ്പെട്ടതോടെയാണ് കുടുംബം ബുദ്ധിമുട്ടിലായത്. പെയ്ന്റിംഗ് തൊഴിലാളിയായിരുന്ന പ്രദീപിന് ഇതോടെ ജോലി ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ വരുമാനം നിലച്ചതോടെ ഇവര്‍ക്ക് വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരികയായിരുന്നു. പിന്നീട് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ താമസിച്ചിരുന്ന ഇവര്‍ മഴയായതോടെയാണ് തീവണ്ടിയില്‍ അഭയം തേടിയത്. മാതാവ് കുട്ടികള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ പിതാവ് കാല് വയ്യാത്തതിനാല്‍ സ്റ്റേഷന്‍ പരിസരത്ത് തന്നെ തങ്ങും.
അധ്യാപകര്‍ കൊണ്ടുവന്നിരുന്ന പ്രഭാതഭക്ഷണവും സ്കൂളിലെ ഉച്ചഭക്ഷണവുമാണ് കുട്ടികള്‍ക്ക് ആശ്രയമായിരുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലെ ഭക്ഷണമായിരുന്നു രമ്യയ്ക്കും പ്രദീപിനും തുണയായിരുന്നത്. ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ ആര്‍ച്ചയില്‍ നിന്നുമാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. സര്‍ക്കാരോ ഏജന്‍സികളോ വസ്തു നല്‍കിയാല്‍ ഇവര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിച്ചു നല്‍കാനും തയ്യാറാണെന്ന് മഞ്ജു വാഗ്ദാനം ചെയ്തിരിക്കുകയാണ്.
Dailyhunt

NO COMMENTS

LEAVE A REPLY