ഗസലിന്റെ ഈണവുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

246

കൊച്ചി: ഗസലിന്റെ ഈണത്തില്‍ പൊതിഞ്ഞ ഗാനങ്ങളുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ എറണാകുളം ജനറലാശുപത്രിയിലെ സംഗീത പ്രേമികളുടെ മനം നിറച്ചു. ഗസല്‍-ശാസ്ത്രീയ സംഗീത ഗായകനായ പ്രസിദ്ധ്, രണ്ട് പതിറ്റാണ്ടായി ഹരിശ്രീയിലും കലാഭവനിലും പ്രധാന ഗായികയായ ഷീല സേവ്യര്‍, മകള്‍ അലീന സേവ്യര്‍ എന്നിവരാണ് പാട്ടു പാടാനെത്തിയത്. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി 15 ഗാനങ്ങളാണ് ഇവര്‍ ആലപിച്ചത്. ഒരു കുടക്കീഴില്‍ എന്ന സിനിമയിലെ അനുരാഗിണി ഇതാ എന്‍.. എന്ന ഗാനത്തോടെ പ്രസിദ്ധാണ് പരിപാടി തുടങ്ങിയത്. പിന്നീട് മൂന്നു ഭാഷകളില്‍ നിന്നുമുള്ള മികച്ച ഗാനങ്ങള്‍ ഇവര്‍ ആലപിച്ചു.
ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് കൊച്ചി ചെല്ലാനം സ്വദേശിയായ പ്രസിദ്ധ് പറഞ്ഞു. ഗസല്‍, ശാസ്ത്രീയ സംഗീതം എന്നിവയില്‍ കോഴ്‌സുകള്‍ ചെയ്തിട്ടുള്ള പ്രസിദ്ധ് ടിവി പരിപാടികളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഒരു പുണ്യപ്രവൃത്തിയില്‍ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷം ഷീലയും മകള്‍ അലീനയും മറച്ചുവച്ചില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്തെ ഗാനജീവിതത്തില്‍ ഇങ്ങനെയൊരനുഭവം ആദ്യമാണെന്നും അവര്‍ പറഞ്ഞു. ആര്‍ട്‌സ് ആ്ന്‍ഡ് മെഡിസിന്റെ 152-ാമത് ലക്കമായിരുന്നു ബുധനാഴ്ച. . കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക് ഷോര്‍ ആശുപത്രി എന്നിവ സംയുക്തമായാണ് സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആ്ന്‍ഡ് മെഡിസിന്‍ അവതരിപ്പിച്ചു വരുന്നത്.

NO COMMENTS

LEAVE A REPLY