പുന്നെ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സ് നേടി. ജേസണ്‍ റോയ് (73), ജോ റൂട്ട് (78), സ്റ്റാക്സ് (62), എന്നിവരുടെ മിന്നുന്ന പ്രകടനത്തിന്റെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ നേടിയത്. ബാറ്റെടുത്തവരെല്ലാം നിരാശപ്പെടുത്താത്ത ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനായി കാഴ്ചവെച്ചത്. സ്കോര്‍ 39 ല്‍ അലക്സ് ഹെയ്ല്‍സിനെ തിരിച്ചയച്ചെങ്കിലും തുടര്‍ന്നെത്തിയ ജോ റൂട്ടിനെ കൂട്ടുപിടിച്ച് ജേസണ്‍ റോയ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ആക്രമണകാരിയായിരുന്ന റോയിയെ വ്യക്തിഗത സ്കോര്‍ 73 ല്‍ എത്തിയപ്പോള്‍ രവിന്ദ്ര ജഡേജ പുറത്താക്കി. തുടര്‍ന്ന് എത്തിയവരെല്ലാം തങ്ങളുടേതായ സംഭാവനകള്‍ കൂട്ടിച്ചേര്‍ത്തതോടെ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് കുതിച്ചു. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയും ഭുംറയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയും ഉമേഷ് യാദവും ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.