തര്‍ക്കങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജിഎസ്ടി നടപ്പിലാക്കില്ലെന്ന് കേരളം

231

ദില്ലി: ചരക്ക് സേവന നികുതിയിലെ തര്‍ക്കങ്ങള്‍ ഇന്ന് പരഹരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജിഎസ്ടി നടപ്പിലാക്കാനാകില്ലെന്ന് കേരളം. തര്‍ക്ക വിഷയങ്ങളില്‍ വോട്ടെടുപ്പ് വേണ്ടി വന്നാലും നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഒന്പതാം ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ണായ യോഗം ദില്ലിയില്‍ തുടരുകയാണ്. ബിഹാറും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളെ ഒപ്പം നിര്‍ത്തി നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ജിഎസ്ടി മാതൃകാ നിയമം ഈ മാസം 31ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കിയെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ തര്‍ക്ക വിഷയങ്ങളില്‍ മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകകയാണെന്ന് കേരളം ജിഎസ്ടി കൗണ്‍സിലില്‍ യോഗത്തില്‍ നിലപാടെടുത്തു. ഒന്നരക്കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവരുടെ നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തുക, സമുദ്ര തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിനകത്ത് നിലയുറപ്പിക്കുന്ന കപ്പലുകളില്‍ നിന്നുള്ള നികുതി കേന്ദ്രത്തിന് വിട്ട് നല്‍കാനാകില്ല, അന്തര്‍ സംസ്ഥാന ഇടപാടുകള്‍ക്ക് നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കും വേണം തുടങ്ങിയ ആവശ്യങ്ങളില്‍ കേരളവും പശ്ചിമ ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉറച്ച് നില്‍ക്കുകയാണ്. നികുതി വരുമാനം പങ്കിടാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളിയ കേരളം 60 ശതമാനം നികുതി സംസ്ഥാനങ്ങള്‍ക്ക് വേണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY