ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ചിഹ്നം മാറ്റണമെന്നും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കരുതെന്നും പറഞ്ഞ ബിജെപിയോട് ഭയക്കേണ്ടെന്ന് പറഞ്ഞു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പെരുമാറ്റച്ചട്ടത്തിനു ലംഘനമാകുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘കൈ’ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ചു ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ജന്‍ വേദ്ന സമ്മേളനത്തില്‍ സംസാരിക്കവേ, ദൈവങ്ങളുടെയും പുണ്യാളന്മാരുടെ ചിത്രത്തില്‍ ‘കൈ’ കാണുന്നുണ്ടെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോണ്‍ഗ്രസിന്റെ ചിഹ്നം മാറ്റണമെന്നും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കരുതെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ നേതാവ് അവരുടെ ചിഹ്നം ദൈവങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ വര്‍ഗീയ നിറം നല്‍കാനാണ് ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.