സന്തോഷ് വധം : ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

271

തലശ്ശേരി: അണ്ടലൂര്‍ മുല്ലപ്രം ക്ഷേത്രത്തിന് സമീപം ബി.ജെ.പി. പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന എട്ട് പേരില്‍ ആറ് പേരുടെ അറസ്റ്റാണ് ശനിയാഴ്ച രാവിലെ രേഖപ്പെടുത്തി. രോഹിന്‍, മിഥുന്‍, പ്രജുല്‍, അജേഷ്, കമല്‍, റിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം സി.പി.എം പ്രവര്‍ത്തകരാണ്. ജില്ലാ പോലീസ് മേധാവി കെ.പി.ഫിലിപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സന്തോഷിന്റേത് രാഷ് ട്രീയ കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണെന്ന് പി.ജയരാജനും പാര്‍ട്ടിക്ക് ബന്ധമില്ല എന്ന കോടിയേരി ബാലകൃഷ്ണന്റേയും വാദങ്ങളുടെ മുനയൊടിക്കുന്നതാണ് പോലീസിന്റെ കണ്ടെത്തല്‍.

തലശ്ശേരി ബ്രണ്ണന്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ചില ബി.ജെ.പിസി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു സന്തോഷിന് നേര്‍ക്കുള്ള ആക്രമണം. സംഭവദിവസം ഉച്ചയ്ക്ക് ബി.ജെ.പി. പ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമം നടന്നിരുന്നു. സി.പി.എം. പ്രവര്‍ത്തകരായ അഞ്ചംഗസംഘമാണ് അക്രമത്തിനെത്തിയത്. അക്രമികളെ കണ്ട ഇയാള്‍ ഓടിരക്ഷപ്പെട്ടു. ബി.ജെ.പി. പ്രവര്‍ത്തകനെ ആക്രമിക്കുന്നതിനിടയില്‍ ഒന്നിച്ചുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. പരിക്കേറ്റ ചിറക്കുനി ചിറത്താഴവീട്ടില്‍ രഞ്ജിത്ത് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ ചികിത്സതേടി. ഈ അക്രമിസംഘത്തിലുണ്ടായിരുന്നവര്‍ക്ക് സന്തോഷിനെ കൊലചെയ്തതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ബി.ജെ.പി. ധര്‍മടം മണ്ഡലം 107ാം ബൂത്ത് പ്രസിഡന്റും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്നു കൊല്ലപ്പെട്ട ചോമന്റവിട എഴുത്തന്‍ സന്തോഷ്. സന്തോഷിന്റെ പുറത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ 20 മുറിവേറ്റിരുന്നു. പുറത്തും ഇടതുകൈ, ഇടതുകാല്‍ എന്നിവിടങ്ങളിലുമാണ് വെട്ടേറ്റത്. വെട്ടേറ്റശേഷം സന്തോഷ് ഭാര്യ ബേബിയെയും സുഹൃത്തുക്കളെയും വിളിച്ചിരുന്നു. കൊലപാതകത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ധര്‍മടം പോലീസ് ഏഴ് കേസെടുത്തു. രണ്ടിടങ്ങളിലായി രണ്ട് ബൈക്ക് തകര്‍ത്തത്, കിഴക്കെ പാലയാട് കുരുക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപം ശ്രീനിവാസ സേവാമന്ദിരത്തിന് നേരെ നടന്ന അക്രമം, പാലയാട് ഡിഫി മുക്കിലെ സി.പി.എം ഓഫീസിന് നേരെ നടന്ന അക്രമം എന്നീ സംഭവങ്ങളിലാണ് കേസെടുത്തത്.

NO COMMENTS

LEAVE A REPLY