ഗതകാല കേരളത്തിന്‍റെ വിമര്‍ശനാത്മക കാഴ്ചകളുമായി ബിനാലെയില്‍ ദൃശ്യപ്രദര്‍ശനം

189

കൊച്ചി: കേരള സമൂഹത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും പൂര്‍ത്തിയാകാത്ത വിവരണവും സമാന്തരചരിത്രവും കോര്‍ത്തിണക്കി കൊച്ചി-മുസിരിസ് ബിനാലെയില്‍ ഫോട്ടോ-വീഡിയോ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിച്ചു. ആക്‌സിഡന്റല്‍ ആര്‍ക്കൈവ് എന്നു പേരിട്ട പരിപാടി കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനും ന്യൂഡല്‍ഹി ആസ്ഥാനമായിട്ടുള്ള ആര്‍ട്ട് ആന്‍ഡ് നോളഡ്ജ് ബില്‍ഡിംഗ് ഫൗണ്ടേഷനും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.

കേരളീയ സമൂഹത്തിന്റെ ജാതി, വര്‍ഗ തരംതിരിവുകളെയെല്ലാം മാറ്റിനിറുത്തുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ഇത്രയുംകാലം പറഞ്ഞു കേട്ട കഥകളെയും വ്യവസ്ഥാപിതമായ സത്യങ്ങളെയും പുനര്‍നിര്‍വചിക്കുന്നതാണ് ബോധപൂര്‍വമല്ലാതെ എടുത്ത ഈ ചിത്രങ്ങള്‍. ബിനാലെ ഫൗണ്ടേഷന്‍ ഈ പദ്ധതിയുമായി സമീപിച്ചപ്പോള്‍ തന്നെ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചരിത്രരേഖകളുടെ പ്രദര്‍ശനമാണ് ഉദ്ദേശിച്ചതെന്ന് ക്രിട്ടിക്കല്‍ കളക്ടീവിന്റെ സ്ഥാപക ഗായത്ര സിന്‍ഹ പറഞ്ഞു. സ്വയമുണ്ടാക്കിയ ആധികാരികമായ ബഹുസ്വരത കൊച്ചിക്കുണ്ടായിരുന്നതു തന്നെ ഏറെ സഹായകരമായി. മദ്രാസ് പ്രസിഡന്‍സി കാലഘട്ടം മുതലുള്ള ഫോട്ടോ-വീഡിയോ ചരിത്രരേഖകള്‍ ഇതിലുപയോഗിച്ചിട്ടുണ്ടെന്നും ഗായത്രി ചൂണ്ടിക്കാട്ടി.

ബിനാലെ വേദിയായ കബ്രാള്‍ യാര്‍ഡിലായിരുന്നു പ്രദര്‍ശനം ഒരുക്കിയത്. രണ്ടു ദിവസത്തെ പ്രദര്‍ശനം ഇന്നലെ(തിങ്കളാഴ്ച) അവസാനിച്ചു. എച്ച്‌സിഎല്‍, പ്രോ ഹെലിവിഷ്യ, സ്വിസ് ആര്‍ട്ട് കൗണ്‍സില്‍, കിരണ്‍ നാടാര്‍ മ്യൂസിയം എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് നടത്തിയ ലെറ്റ്‌സ് ടോക്ക് ചര്‍ച്ചയും ശ്രദ്ധേയമായി.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ കുന്‍സ്റ്റ് മ്യൂസിയത്തിലെ ക്യൂറേറ്റര്‍ ഹെലെന്‍ ഹിര്‍ഷ്, സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗ്ലോബല്‍ ആര്‍ട്ട് പ്രൊഫസര്‍ ജോനാതന്‍ ഹാരിസ്, ജെഎന്‍യു അസി. പ്രൊഫസര്‍ സുജിത് പാറയില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ചരിത്രത്തിലെ നിഴലുകള്‍ നീക്കാന്‍ ഒരു ഫോട്ടോയ്ക്ക് സാധിക്കും. സാധാരണക്കാര്‍, തിരുവിതാംകൂര്‍ രാജകുടുംബം, മിഷണറിമാര്‍, ഉന്നത കുലജാതര്‍ എന്നിവരെയൊക്കെ ബൃഹത്തായ ശൃംഖലയില്‍ കൊണ്ടു വരാന്‍ കഴിഞ്ഞെന്ന് ഗായത്രി പറഞ്ഞു. ഒഴിവാക്കുകയും ഒളിച്ചുവയ്ക്കുകയും ചെയ്യപ്പെട്ട ചെറു സംഭവങ്ങള്‍ക്കുവേണ്ടി ചരിത്രപ്രധാനമായ സംഭവങ്ങളെ മനപൂര്‍വം പ്രദര്‍ശനം തിരസ്‌കരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ തരക്കാരായ സ്ത്രീകളുടെ പക്കലുള്ള അമൂല്യ വസ്തുക്കളെപ്പറ്റിയുള്ള കഥകള്‍ പ്രദര്‍ശനത്തില്‍ കൊടുത്തിട്ടുണ്ട്. ഇത്തരം ഫൊട്ടൊഗ്രഫി ഇന്ത്യയില്‍ ഒരിടത്തും കാണില്ലെന്നാണ് ഗായത്രി സിന്‍ഹയുടെ അഭിപ്രായം.

രാഷ്ട്രീയമായ പശ്ചാത്തലത്തില്‍നിന്നും കാലഘട്ടത്തില്‍നിന്നും പ്രതിബിംബങ്ങളെ എടുത്തുമാറ്റാന്‍ ചരിത്രരേഖകള്‍ക്ക് കഴിയുയമെന്ന് അവര്‍ പറഞ്ഞു. ഇതിന്റെ ലക്ഷ്യം തന്നെ അറിവിന്റെ മേല്‍ സ്ഥാപിച്ചിട്ടുള്ള ആധിപത്യത്തെ പറിച്ചെറിയുകയെന്നതാണ്.
കലാപരമായ ബോധത്തിന്റയും പ്രതീകവത്കരണത്തിന്റെയയും നേര്‍ക്കാഴ്ചയാണ് ഫൊട്ടൊഗ്രഫിയെന്ന് സുജിത് പാറയില്‍ പറഞ്ഞു. ഫോട്ടോയിലെ പോസും മറ്റും അധികാരത്തിന്റെയും സ്ഥാനത്തിന്റെയും ദൃഷ്ടാന്തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ നവ വിവരണത്തിന്റെ പശ്ചാത്തലത്തില്‍ സമാന്തര ചരിത്രം ഇല്ലാതാവുകയാണെന്ന് ഹെലെന്‍ ഹെര്‍ഷ് ചൂണ്ടിക്കാട്ടി. ഈ സഹ്രസാബ്ദത്തില്‍ ഭൂതകാലവും വര്‍ത്തമാനകാലവും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്രരേഖകള്‍ക്കായി ആര്‍ട്ടിസ്റ്റുകളും ഗവേഷകരും ഒരുപോലെ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY