തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരായി നടപടി ശുപാര്‍ശ ചെയ്യുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിലക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ തീരുമാനം ഇനി ഏറെ നിര്‍ണായകമാണ്.
അതേസമയം, സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് മാനേജ്മെന്റ്. ലക്ഷ്മി നായര്‍ രാജിവയ്‌ക്കില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ 20 ദിവസം പിന്നിടുന്ന വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍. അതിനിടെ, ലോ അക്കാദമിയെക്കുറിച്ചുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റുമായ ഗോപകുമാറിനോട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വിശദീകരണം തേടി. വിദ്യാര്‍ത്ഥി സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മാനേജ്മെന്റിന് അനുകൂലമായ നിലപാട് ഗോപകുമാര്‍ സ്വീകരിച്ചുവെന്നാണ് ആരോപണം.