തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നം തീർന്നിട്ടില്ലെന്ന് മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. ഭൂമിപ്രശ്നവും വിദ്യാർത്ഥി പീഡനവും ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് വി എസ് വ്യക്തമാക്കി. എസ്എഫ്ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് അറിയില്ലെന്നും ദലിത് വിദ്യാർഥികളോടുള്ള ലക്ഷ്മി നായരുടെ സമീപനം ശരിയല്ലെന്നും വി എസ് പറഞ്ഞു. ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും മാറ്റുകയും അഞ്ചു വർഷത്തേക്ക് ഫാക്കൽറ്റിയായി കോളജിൽ വരില്ലെന്നുമാണ് ഇപ്പോഴത്തെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ സമരം അവസാനിപ്പിച്ചത്. എന്നാൽ, പ്രിൻസിപ്പൽ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് മറ്റുവിദ്യാർഥി സംഘടനകളുടെ നിലപാട്. ഇതിനിടെയില്‍ ലോ അക്കാദമിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന വിഎസിന്റെ അഭിപ്രായം പുതിയ വഴിത്തിരിവാകുകയാണ്. വിഷയത്തിൽ നേരത്തെയും വിഎസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. സർക്കാർ ഇടപെടാത്തത് ശരിയല്ലെന്നായിരുന്നു വിഎസിന്റെ അഭിപ്രായപ്രകടനം. ലോ അക്കാദമിക്കു സർക്കാർ നൽകിയ ഭൂമിയുടെ ദുരുപയോഗം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു വി.എസ്.അച്യുതാനന്ദൻ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനു കത്ത് നൽകിയിരുന്നു. ലോ അക്കാദമിയിൽ നടക്കുന്നതു വിദ്യാർഥികളുടെ സമരം മാത്രമല്ല, പൊതുപ്രശ്നം കൂടിയാണെന്നും ഏകാധിപത്യ ശക്തികളെ നിയന്ത്രിക്കേണ്ടവർ മാനേജ്മെന്റുകൾക്കു കീഴടങ്ങുന്നതു ശരിയല്ലെന്നും വിഎസ് നേരത്തെയും വ്യക്തമാക്കിയിരുന്നു.