ബിനാലെ പ്രതിഷ്ഠാപനമായി തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’

273

കൊച്ചി: യശ്ശശരീരനായ വിശ്രുത സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥകളിലൊന്നായ, ‘വെള്ളപ്പൊക്കത്തില്‍’ കൊച്ചി മുസിരിസ് ബിനാലെ 2016ല്‍ പ്രതിഷ്ഠാപനരൂപത്തിലെത്തുന്നു. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നായയുടെ ഏകാന്തതയും വേദനയും വായനക്കാരുടെ ഹൃദയത്തില്‍ എന്നേക്കും അടയാളപ്പെടുത്തിയ ‘വെള്ളപ്പൊക്കത്തില്‍’, പകരം വയ്ക്കാനില്ലാത്ത സൃഷ്ടിയായി ഏറെ വാഴ്ത്തപ്പെട്ടതാണ്.

തകഴി വായനക്കാരന്റെ മനസ്സില്‍ അവശേഷിപ്പിച്ച നായയുടെ അനശ്വരബിംബത്തിന് പ്രതിഷ്ഠാപനരൂപം നല്‍കുന്നത് കോട്ടയം കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയായ ബി. രാമഭദ്രനാണ്. ബിനാലെയുടെ ഭാഗമായി നടന്നുവരുന്ന നയരഹിത ബന്ധങ്ങള്‍ എന്ന ചലച്ചിത്ര പാക്കേജിന് അനുബന്ധമായാണ് കബ്രാള്‍ യാര്‍ഡ് വേദിയില്‍ ഈ കൃതിക്ക് പ്രതിഷ്ഠാപനഭാവം പകര്‍ന്നിരിക്കുന്നത്. ഫെബ്രുവരി അഞ്ച് വരെ പ്രതിഷ്ഠാപനം ഇവിടെയുണ്ടാകും.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജയരാജ് പ്രതിഷ്ഠാപനം ഉദ്ഘാടനം ചെയ്തു. വീടിന്റെ മേല്‍ക്കൂരയിലിരിക്കുന്ന കറുത്ത നായയുടെ ശില്പത്തിനൊപ്പം വെള്ളപ്പൊക്കത്തിന്റെയും നായയുടെ തേങ്ങലിന്റെയും ശബ്ദങ്ങളും വിന്യസിച്ചിട്ടുണ്ട്. പ്രകൃതിയുമായി വേര്‍പിരിയാത്ത ബന്ധം സൂക്ഷിച്ചിരുന്ന മഹാനായ കഥാകാരന്‍ തകഴിക്ക് എന്നും ലാളിത്യമായിരുന്നു മുഖമുദ്രയെന്ന് തകഴിയുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്ന ജയരാജ് പറഞ്ഞു.

ഉന്നത രചനയായ വെളളപ്പൊക്കത്തില്‍ പുനഃസൃഷ്ടിക്കുന്നത് ദുഷ്‌കരമാണെന്ന് ഈ കഥയെ ആധാരമാക്കി ഹ്രസ്വചലച്ചിത്രം സംവിധാനം ചെയ്തിട്ടുള്ള ജയരാജ് നിരീക്ഷിച്ചു. ഈ കൃതിയുടെ രചനാലോകം വിശാലമാണ്, ആഴവും അര്‍ഥവുമേറെയാണ്. അസാമാന്യമാണ് തകഴിച്ചേട്ടന്റെ പ്രകൃതിവര്‍ണന. വേര്‍പാടിന്റെ വേദനയും ചേന്നന്‍ എന്ന ദളിത് കഥാപാത്രവും നായയും തമ്മിലുള്ള ബന്ധവുമെല്ലാം എഴുത്തില്‍ അനുഭവിച്ച അതേ തീവ്രതയോടെ ചിത്രീകരിക്കുകയെന്നത് വെല്ലുവിളിയുയര്‍ത്തുന്നു. വെള്ളപ്പൊക്കത്തിന്റെ പ്രതീതിയുണ്ടാക്കാന്‍ കായലില്‍ സെറ്റിട്ടായിരുന്നു ചിത്രീകരണമെന്നും ജയരാജ് ഓര്‍മിച്ചു.

വിദ്യാര്‍ഥികള്‍ക്ക് സ്വന്തം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുന്നതിലൂടെ ബിനാലെ വലിയൊരു ലോകം തുറക്കുകയാണെന്നും ജയരാജ് ചൂണ്ടിക്കാട്ടി. ഇതാദ്യമായിട്ടാണ് മലയാളത്തിലെ ഒരു ചെറുകഥ ശബ്ദവും ശില്പവും സംയോജിപ്പിച്ച് ആവിഷ്‌കരിക്കുന്നതെന്ന് നിരവധി ലഘുസിനിമകളും ഡോക്കുമെന്ററികളും ചെയ്തിട്ടുള്ള രാമഭദ്രന്‍ പറഞ്ഞു. സാഹചര്യമാണ് വളരെയധികം വേദനയോടെ തന്റെ നായയെ വിട്ടുപിരിയാന്‍ ചേന്നനെ നിര്‍ബന്ധിതനാക്കിയത്. ഈ കൃതി രചിച്ച് കാലമിത്ര കഴിഞ്ഞിട്ടും ചേന്നനെപ്പോലുള്ള ദളിതരുടെ ജീവിതത്തില്‍ മാറ്റം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് താന്‍ ‘വെള്ളപ്പൊക്കത്തില്‍’ പുനരാവിഷ്‌കരിച്ചതെന്ന് രാമഭദ്രന്‍ അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY