അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് തുടക്കമിട്ട് പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് നാളെ നടക്കും. ഒറ്റഘട്ടമായിട്ടാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഗോവയിലും പഞ്ചാബിലും ബിജെപിക്കും കോണ്‍ഗ്രസിനും ഒപ്പം ആംആദ്മി പാര്‍ട്ടിയുടെ ശക്തമായ സാന്നിദ്ധ്യം ത്രികോണ മത്സരത്തിന് കളമൊരുക്കിയിട്ടുണ്ട്.
മോദിയും,കേജ്രിവാളും, രാഹുലും അടക്കം മുന്‍നിര നേതാക്കള്‍ നിറഞ്ഞ് നിന്ന വാശിയേറിയ പ്രചരണ ദിനങ്ങള്‍ക്ക് ശേഷമാണ് ഗോവയും പഞ്ചാബും നാളെ വോട്ടെടുപ്പിലേക്ക് കടക്കുന്നത്. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലായി 1146 സ്ഥാനാര്‍ത്ഥികളും, 40 മണ്ഡലങ്ങിലായി ഗോവയില്‍ 250 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. ത്രികോണ പോരാട്ടം നടക്കുന്ന ഇരു സംസ്ഥാനങ്ങളിലും ശിരോമണി അകാലിദള്‍ ബിജെപി കോണ്‍ഗ്രസ് തുടങ്ങിയ പരമ്പരാഗതെ ശക്തികള്‍ക്ക് പുറമെ ദില്ലിക്ക് പുറത്തേയ്‍ക്കുള്ള വളര്‍ച്ച ലക്ഷ്യമിട്ട് എഎപിയും ശക്തമായി രംഗത്തുണ്ട്. പഞ്ചാബില്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരിന്ദര്‍ സിംഗും എഎപിയുടെ ജെര്‍ണൈല്‍ സിംഗും മത്സരിക്കുന്ന ലംബിയും, ഉപമുഖ്യമന്ത്രി സുഖ്ബീര്‍സിംഗ് ബാദലും എഎപിയുടെ താര പ്രചാരകന്‍ ഭഗവന്ത് മാനും മത്സരിക്കുന്ന ജലാലാബാദും, ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ എത്തിയ നവ്ജോത് സിംഗ് സിദ്ധു മത്സരിക്കുന്ന അമൃത്സര്‍ ഈസ്റ്റുമാണ് ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങള്‍. ഗോവയില്‍ ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും മുഖ്യമന്ത്രി മുഖങ്ങളായി ആരെയും മുന്നില്‍ നിര്‍ത്താതെയാണ് വോട്ട് തേടിയത്. അതേസമയം കന്നി അംഗത്തിനിറങ്ങിയ എഎപി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എല്‍വിസ് ഗോമസിനെ അമരത്തിരുത്തി ദേശീയ പാര്‍ട്ടികള്‍ക്കൊപ്പം ശക്തമായ പ്രചരണം കാഴ്ച്ചവെച്ചു. ബിജെപിയുടെ സഖ്യ കക്ഷിയായിരുന്ന എംജെപി സഖ്യം വിട്ട് ബദല്‍ സഖ്യം രൂപീകരിച്ചുതും ഗോവയില്‍ പോരാട്ടം വാശിയേറിയതാക്കുന്നു.