ആയുര്‍വേദത്തിലൂടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ‘വ്യാപാറി’ല്‍ അന്വേഷകരേറെ

896

കൊച്ചി: കേരളത്തിന്റെ കേള്‍വി കേട്ട ആയുര്‍വേദം വിദേശരാജ്യങ്ങളില്‍ ഏറെ പ്രിയപ്പെട്ടതാണെന്ന് തെളിയിക്കുന്നതായിരുന്നു സംസ്ഥാന വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച വ്യാപാര്‍-2017. സൗന്ദര്യവര്‍ധക വസ്തുക്കള്‍, പോഷക ഭക്ഷ്യോല്പന്നങ്ങള്‍ (ഫുഡ് സപ്ലിമെന്റ്‌സ്) എന്നിവയിലാണ് ഏറ്റവുമധികം അന്വേഷണങ്ങള്‍ ആയുര്‍വേദ മേഖലയിലുണ്ടായത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ആയുര്‍വേദ വ്യവസായങ്ങളുടെ പങ്കാളിത്തം ഈ വര്‍ഷത്തെ ബിസിനസ് മീറ്റില്‍ കൂടുതലായിരുന്നു. വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ഔഷധങ്ങളേക്കാള്‍ കൂടുതല്‍ ഡിമാന്‍ഡ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കായിരുന്നു.

കേരളത്തിലേതിന് സമാനമായ ഭൂപ്രകൃതിയുള്ള ശ്രീലങ്കയില്‍നിന്ന് ഒരു പ്രതിനിധി സംഘം തന്നെ ഇക്കുറി വ്യപാര്‍-2017 ല്‍ എത്തിയിരുന്നു. അവര്‍ നടത്തിയ അന്വേഷണങ്ങളേറെയും ആയുര്‍വേദ സൗന്ദര്യവര്‍ധക വസ്തുക്കളിലും സുഖചികിത്സ പോലുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളിലുമായിരുന്നു. കേശ സംരക്ഷണത്തിനുള്ള ഉത്പന്നങ്ങളിലാണ് ശ്രീലങ്കയില്‍നിന്നു വന്ന പ്രതിനിധികള്‍ പ്രത്യേക താത്പര്യം കാട്ടിയെന്ന് ഡോ. ജിത ഷാജി ചൂണ്ടിക്കാട്ടി. കയറ്റുമതി താത്പര്യം മുന്‍നിറുത്തി അന്വേഷണങ്ങള്‍ നിരവധി എത്തിയിട്ടുണ്ടെന്ന് ആയുര്‍വേദ സംരംഭകന്‍ അജികുമാര്‍ ടി പറഞ്ഞു. ഈ അന്വേഷണങ്ങളില്‍ കൃത്യമായ തുടര്‍നടപടികള്‍ എടുക്കേണ്ടതുണ്ട്. സോപ്പ്, പോഷക ഭക്ഷ്യോല്പന്നങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍ എന്നിവയ്ക്കും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന അംഗീകൃതമായ മരുന്നുകള്‍ എന്നിവയ്ക്കും അന്വേഷണങ്ങള്‍ ഏറെയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നൂറില്‍പരം സുഗന്ധത്തില്‍ സോപ്പുകളുണ്ടാക്കുന്ന സംരംഭങ്ങളും വ്യാപാര്‍-2017 ല്‍ പങ്കെടുക്കുന്നുണ്ട്. സോപ്പിന്റെ 25 ശതമാനം സുഗന്ധചേരുവകള്‍ ചേര്‍ത്താണ് നിര്‍മ്മിക്കുന്നതെന്നതിനാല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ നിരവധിയുണ്ടായിരുന്നുവെന്ന് സംരംഭകനായ അറുമുഖന്‍ പതിച്ചിറ പറഞ്ഞു. പേറ്റന്റ് ഉള്ള മരുന്നുകള്‍ക്കെല്ലാം മികച്ച അന്വേഷണങ്ങളാണ് ലഭിച്ചതെന്ന് പ്രമുഖ ആയുര്‍വേദ സംരംഭത്തിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന പി.എസ് മധു ചൂണ്ടിക്കാട്ടി. പോഷക ഭക്ഷണം എന്ന പേരിലാണ് പല മരുന്നും വിദേശത്തേക്ക് അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര പേറ്റന്റുള്ള മരുന്നുകള്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടെന്നും മധു ചൂണ്ടിക്കാട്ടി.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ മാത്രമല്ല ആയുര്‍വേദത്തിലുള്ളത്. ഉത്തരേന്ത്യയില്‍നിന്ന് നിരവധി അന്വേഷണങ്ങളാണ് സംരംഭകര്‍ക്ക് ലഭിക്കുന്നത്. ടൂറിസം വ്യവസായത്തില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങള്‍ക്കാണ് ഡിമാന്റ് കൂടുതലെന്നും സംരംഭകര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY