ബംഗളുരു: അനധികൃതമായി മണല്‍ കടത്തിയെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടര്‍ന്ന് അക്രമാസാക്തമായ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് തീവെച്ചു. കര്‍ണ്ണാടകയിലെ ഗഡക് ജില്ലയില്‍ ഉള്‍പ്പെടുന്ന ലക്ഷ്മേശ്വര്‍ എന്ന സ്ഥലത്താണ് സംഭവം. ശിരാഹട്ടി സ്വദേശിയായ ലോറി ഡ്രൈവര്‍ ശിവാനന്ദിനെ(30)യാണ് ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ അദ്ദേഹം കസ്റ്റഡിലിയിരിക്കെത്തന്നെ മരിച്ചു. മരണ വാര്‍ത്ത പുറത്തറിഞ്ഞതോടെ പൊലീസ് സ്റ്റേഷന് ചുറ്റും സംഘടിച്ച നാട്ടുകാര്‍ അക്രമാസക്തരാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ അക്രമിക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അവ്യക്തതകളുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എസ്.പി അറിയിച്ചു. ശിവാനന്ദിന്റെ മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ടില്‍ നിന്ന് മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.