പിണറായി സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ക്രൂരമായ വിദ്യാര്‍ത്ഥി വഞ്ചനയാണ് ഇന്ന് നടന്ന കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ പ്രകടമായതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. സര്‍വ്വവിധ ക്രമക്കേടുകളും വിദ്യാര്‍ത്ഥി പീഡനവും സര്‍വ്വകലാശാലാ ചട്ടങ്ങളുടെ ലംഘനങ്ങളും നടത്തിയെന്ന് സര്‍വ്വകലാശാല ഉപസമിതി കണ്ടെത്തിയിട്ടും പ്രിന്‍സിപ്പലിനും മാനേജുമെന്റിനുമെതിരെ നടപടി സ്വീകരിക്കുന്നതിന് തയ്യാറാകാത്ത സിന്‍ഡിക്കേറ്റിലെ സി.പി.എം. അംഗങ്ങളുടെ നടപടി തികച്ചും ലജ്ജാകരമാണ്. സര്‍വ്വകലാശാല ചട്ടങ്ങളില്‍ അനുയോജ്യമായ രീതിയില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് വിദ്യാഭ്യാസമന്ത്രി ഉപസമിതി റിപ്പോര്‍ട്ട് സര്‍വ്വകലാശാലയ്ക്ക് തിരിച്ചയച്ചത്. എന്നാല്‍ സര്‍ക്കാര്‍ തന്നെ നാല് ഉദ്യോഗസ്ഥരായ സര്‍ക്കാര്‍ നോമിനികളെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുപ്പിച്ച് ലോ അക്കാദമിക്കെതിരെ നടപടി സ്വീകരിക്കണമെന്ന പ്രമേയത്തിന് എതിരെ വോട്ട് ചെയ്യിപ്പിച്ചത് ഏറെ വിചിത്രമാണ്. ഏത് ജനാധിപത്യ വിരുദ്ധമായ മാര്‍ഗത്തിലൂടെയും ലോ അക്കാദമി മാനേജ്‌മെന്റിന് സംരക്ഷണമൊരുക്കും എന്ന സര്‍ക്കാരിന്റെ നയമാണ് ഇതോടെ വ്യക്തമാകുന്നത്.
ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരിയെന്ന് തെളിയിക്കപ്പെട്ടിട്ടുംപ്രിന്‍സിപ്പല്‍ നിയമനത്തിന് ഇതേവരെ യൂണിവെഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗീകാരം നടത്തിയിട്ടില്ലെന്ന് മനസ്സിലായിട്ടും പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യാത്തത് സി.പി.എമ്മിന്റെ കള്ളക്കളിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകാര്യമല്ലാത്ത നടപടിയുമായി മുന്നോട്ട് പോകുന്ന സര്‍വ്വകലാശാലയുടെയും സര്‍ക്കാരിന്റെയും തെറ്റായ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ജനാധിപത്യ സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.