കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രതിവാര സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ ഇക്കുറി നിറഞ്ഞു നിന്നത് ഗസലിന്റെ ഈണം. കൊച്ചി-ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നി സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ആര്‍ട്‌സ് ആ്ന്‍ഡ് മെഡിസിന്റെ 156-ാമത് ലക്കമായിരുന്നു ബുധനാഴ്ച.
എറണാകുളം മരട് സ്വദേശിയായ ഹരികുമാര്‍ ജി, മണി ശശിധരന്‍, യാഹ്യ അസീസ് എന്നിവരുടേതായിരുന്നു ആലാപനം. പന്ത്രണ്ടു പാട്ടുകളാണ് ഇവര്‍ സദസിനു സമര്‍പ്പിച്ചത്.
’ഈശ്വരനെ തേടി ഞാന്‍ നടന്നു’ എന്ന ഗാനവുമായി മണിയാണ് പരിപാടിക്ക് തുടക്കമിട്ടത്. രണ്ട് ഗാനങ്ങള്‍ക്ക് ശേഷമായിരുന്നു ഹരികുമാറിന്റെ ഗസല്‍ പ്രകടനം. ‘നീല വാന ചോലയില്‍’ എന്ന പാട്ട് യഹ്യ അസീസ് പാടി. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതാധ്യാപകനായ ജയേഷ് ചക്രവര്‍ത്തിയുടെ കീഴിലാണ് ഹരികുമാര്‍ സംഗീതം അഭ്യസിക്കുന്നത്. അഞ്ച് വര്‍ഷമായി വിവിധ ഗസല്‍ ഗാന സദസ്സുകളില്‍ പാടാന്‍ ഹരികുമാര്‍ പോകാറുണ്ട്. മലപ്പുറം ഗസല്‍ ഉത്സവത്തിലെ വിജയി കൂടിയാണ് ഇദ്ദേഹം.
ആത്മാവില്‍ നിന്നാണ് സംഗീതം വരുന്നതെന്ന് ഹരികുമാര്‍ പറഞ്ഞു. മാനസികോല്ലാസത്തിലൂടെ ഏത് രോഗത്തെയും ഇല്ലാതാക്കാന്‍ കഴിയും. ഇതിന് സംഗീതം പോലെ സഹായകരമായ മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഗീതത്തോടുള്ള അഭിവാഞ്ഛയാണ് സിവില്‍ എന്‍ജിനീയറായ മണി ശശിധരനെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ എത്തിച്ചത്. തെരുവുഗാനങ്ങളിലൂടെ ശ്രദ്ധേയയായ മണി സംഗീതപരിപാടികളിലൂടെ സ്വരൂപിക്കുന്ന ധനം അഗതികള്‍ക്കു നല്‍കുകയാണ് പതിവ്. ഇതിനായി ഗാനമേളകളും നടത്താറുണ്ട്.
സാമ്പത്തികമായും മാനസികമായും സാന്ത്വനം നല്‍കാന്‍ കഴിയുന്നത് വലിയകാര്യമാണെന്ന് മണി പറഞ്ഞു. ഇത്തരമൊരു വേദിയില്‍ പാടാന്‍ അവസരം തന്നതില്‍ സംഘാടകരോട് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയിലെ സ്ഥിരം സാന്നിദ്ധ്യമാണ് യഹ്യ അസീസ്.