കൊച്ചിയിലെ കുടിയേറ്റ പൈതൃകം തേടി മുംബൈയില്‍ നിന്നുള്ള വാസ്തുകലാ വിദ്യാര്‍ത്ഥികള്‍

233

കൊച്ചി: നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ കുടിയേറ്റത്തിന്റെ ഈറ്റില്ലമായാണ് കൊച്ചി അറിയപ്പെട്ടിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വംശഹത്യ, വാണിജ്യതാത്പര്യങ്ങള്‍ തുടങ്ങിയവ ഈ പ്രതിഭാസത്തിന് ആക്കം കൂട്ടി. എല്ലാവരെയും കൈനീട്ടി സ്വീകരിച്ച പശ്ചിമകൊച്ചിയുടെ സംസ്‌കാരത്തെ തൊട്ടറിയാനാണ് മുംബൈയിലെ സ്‌കൂള്‍ ഓഫ് എന്‍വയണ്‍മന്റ് ആന്‍ഡ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെയത്തിയത്. പശ്ചിമകൊച്ചിയുടെ ചരിത്രം അടിസ്ഥാനമാക്കി പുസ്തകമെഴുതിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുമായ ഇ പി ഉണ്ണിയുമായി വിദ്യാര്‍ത്ഥികള്‍ സംഭാഷണം നടത്തി. ബിനാലെ ഫൗണ്ടേഷന്റെ വിദ്യാര്‍ത്ഥി സംരംഭമായ സ്റ്റൂഡന്റ്‌സ് ബിനാലെ വേദിയായ ഫാദി ഹാളിലായിരുന്നു പരിപാടി.

പ്രധാനമായും ഏഴ് കുടിയേറ്റ സമൂഹമാണ് ഇന്ന് കൊച്ചിയിലുള്ളത്. കച്ചി ജൈനര്‍, കച്ചി മേമന്‍, ജൂതര്‍, തമിഴ് അലക്കുകാര്‍, ഗൗഡസാരസ്വതര്‍, ഇന്തോ-പോര്‍ച്ചുഗീസ്, ഗുജറാത്തി സമൂഹങ്ങളെക്കുറിച്ചാണ് വാസ്തുകലാ വിദ്യാര്‍ത്ഥികളുടെ പഠനം. കൊച്ചിയില്‍ ഇവര്‍ പാര്‍ക്കുന്ന സ്ഥലങ്ങള്‍ ആകാശദൃശ്യമായി വരയിലേക്ക് പകര്‍ത്തുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്. സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പങ്കെടുക്കുന്ന 55 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണിത്. വീടെന്താണെന്ന ചോദ്യത്തിന് വെറും കെട്ടിടമെന്നു മാത്രമല്ല ഉത്തരം, മറിച്ച് തലമുറകളായി കൈമാറിയ ഓര്‍മ്മകളാണെന്ന് വിദ്യാര്‍ത്ഥി അഭിനവ് പഹാഡെ പറഞ്ഞു. ഓരോ വീടുകളിലും കയറിയിറങ്ങിയാണ് ഇതിന്റെ രൂപരേഖയുണ്ടാക്കിയത്.

ജൈനക്ഷേത്രം, മേമന്‍ സമൂഹത്തിന്റെ ഹനാഫി പള്ളി, പരദേശി ജൂതപ്പള്ളി, ധോബി ഖാന, പോര്‍ച്ചുഗീസ് കെട്ടിടങ്ങള്‍, പാണ്ടികശാലകള്‍, സുഗന്ധവ്യഞ്ജന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം വിദ്യാര്‍ത്ഥികള്‍ വിശദമായി വിശകലനം ചെയ്തു. ഉപഗ്രഹ ദൃശ്യങ്ങള്‍ തങ്ങളുടെ ശ്രമത്തിന് ഏറെ സഹായകരമായി എന്ന് പഹാഡെ പറഞ്ഞു. ജൈനക്ഷേത്രത്തിനടുത്തായി 250 കച്ചി കുടുംബങ്ങള്‍ താമസിക്കുന്നത് കണ്ടെത്തിയത് ഇതിന്റെ സഹായത്തിലാണ്. തലകീഴായുള്ള ത്രിഡി ഭൂപടമാണ് വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയത്. തിങ്ങിപ്പാര്‍ക്കുന്ന വാസസ്ഥലങ്ങള്‍ മുംബൈയെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും പഹാഡെ പറഞ്ഞു.

ചരിത്രപരമായ കുടിയേറ്റങ്ങള്‍ എല്ലായിടത്തുമുണ്ടെന്നതിന്റെ തെളിവാണിതെന്ന് സ്റ്റൂഡന്റ്‌സ് ബിനാലെ ക്യൂറേറ്റര്‍മാരിലൊരാളായ നവീന്‍ മഹന്തേഷ് പറഞ്ഞു. നേരത്തെ മുംബൈയിയല്‍ നടത്തിയ പരിശീലന കളരിയിലും പ്രദേശികവാസികളുമായി സംയോജിച്ചാണ് ആര്‍ട്ടിസ്റ്റുകള്‍ പ്രവര്‍ത്തിച്ചത്. നഗരത്തിലെ കെട്ടിടങ്ങളുടെ വാസ്തുശില്‍പ രീതി മെച്ചപ്പെടുത്താന്‍ ഇത്തരം കാര്യങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ പ്രദേശങ്ങളിലെ മനുഷ്യരുടെ സ്വഭാവത്തില്‍ അനന്യമായ സാദൃശ്യമുണ്ടായിരിക്കുമെന്ന് കാര്‍ട്ടൂണിസ്റ്റ് ഉണ്ണി ചൂണ്ടിക്കാട്ടി. മുംബൈ പോലെ, ഫോര്‍ട്ട് കൊച്ചിയ്ക്കും ഹിംസയുടെ ചരിത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഫോര്‍ട്ടകൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി 2014 ല്‍ ഉണ്ണി എഴുതിയ പുസ്തകമാണ് സാന്റാ ആന്‍ഡ് ദി സ്‌ക്രിബിള്‍സ്; ദി മേക്കിംഗ് ഓഫ് ഫോര്‍ട്ടകൊച്ചി. 1341 മുതലുള്ള രേഖകള്‍ അതില്‍ പ്രദിപാദിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ ഇളക്കിമറിക്കലില്‍ കുടിയേറ്റ സമൂഹം ഏതെങ്കിലുമൊരു സ്ഥാപനത്തിനെ കേന്ദ്രീകരിച്ച് വളര്‍ന്നു വരുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉദാഹരണത്തിന് ഗുജറാത്തി സമൂഹം പ്രധാനമായും ജീവിക്കുന്നത് അവരുടെ കച്ചവടസ്ഥാപനത്തിന്റെ തട്ടിന്‍പുറത്താണ്. ഹനാഫി പള്ളിയുടെ 150 മീറ്റര്‍ ചുറ്റളവിലാണ് മേമന്‍ സമൂഹത്തിന്റെ വാസം. ജൈനക്ഷേത്രത്തിന്റെ ചുറ്റിലുമായി ആ സമൂഹം താമസിക്കുന്നു. ഈ പ്രദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനസിലാക്കുന്നതിനുള്ള സൂചകമാണ് ഈ ഉദ്യമം കൊണ്ടുദ്ദേശിക്കുന്നതെന്ന് വിദ്യാര്‍്ത്ഥി വിഭാവരി സാരംഗന്‍ പറഞ്ഞു. തങ്ങള്‍ കേട്ടതും വായിച്ചതുമായ അനുഭവങ്ങളിലൂടെ കൊച്ചിയിലെ കുടിയേറ്റസമൂഹം എത്രമാത്രം സമരസതയുള്ളവരാണെന്നു മനസിലാക്കാനായി എന്നും വിഭാവരി പറഞ്ഞു.

NO COMMENTS

LEAVE A REPLY