ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഞായറാഴ്ച രാവിലെ ദക്ഷിണ കശ്മീരിലെ യാരിപ്പോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നാല് ഭീകരരെ സൈന്യം വധിച്ചുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുല്‍ഗാം ജില്ലയിലെ യാരിപ്പോറയിലെ വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യവും പോലീസും സംയുക്തമായി ശനിയാഴ്ച രാത്രി തിരച്ചില്‍ ആരംഭിച്ചത്. മരിച്ചവര്‍ രണ്ടുപേരും കശ്മീര്‍ സ്വദേശികള്‍ തന്നെയാണെന്നാണ് പ്രാഥമിക വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്. സുരക്ഷാസേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പില്‍ തീവ്രവാദികള്‍ ഒളിച്ചിരുന്ന വീട് തകര്‍ന്നാണ് അവര്‍ മരിച്ചതെന്ന് പ്രാദേശിക വാസികള്‍ പറഞ്ഞു.