കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ കാണാനെത്തുന്നവരെല്ലാം ഏറെ കൗതുകത്തോടെ വീക്ഷിക്കുന്ന ഒന്നാണ് പ്രധാന വേദിയായ ആസ്പിന്‍വാളിലെ വാസ്തുകലാ പന്തല്‍. ബിനാലെ ആര്‍ട്ടിസ്റ്റുകളായ ഈവ ഷെല്‍ഗെല്‍, കാള്‍ പ്രുഷ എന്നിവരാണ് ഈ കലാസൃഷ്ടി സ്ഥാപിച്ചത്.ആസ്പിന്‍വാളിലെ മാവിന്‍ തോട്ടങ്ങള്‍ക്ക് നടുവിലാണ് ഈ പന്തല്‍. ഇളം തവിട്ടു നിറത്തില്‍ 35 ഡിഗ്രി ചെരുവില്‍ ഒരു ക്യാന്‍വാസ് പന്തല്‍. അതിന്റെ മുകളില്‍ ഉള്‍വശം നിറയെ നക്ഷത്രങ്ങളും സൗരയൂഥവുമെല്ലാം കാഴ്ചക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു. ഫ്‌ളോട്ടിംഗ് ഇന്‍ റ്റു നൈറ്റെന്നാണ് ഈ പ്രതിഷ്ഠാപനത്തിന് നല്‍കിയിരിക്കുന്ന പേര്.
ബിനാലെ തുടങ്ങിയ ഡിസംബര്‍ 12 ന് മുമ്പ് തന്നെ വാസ്തുകലാ പന്തലിന്റെ നിര്‍മ്മാണം തീര്‍ന്നിരുന്നുവെന്ന് പ്രുഷ പറഞ്ഞു. ആകാശ ഭൂപട മാതൃകകള്‍ കൊണ്ടാണ് ഉള്‍വശത്തെ നക്ഷത്രമണ്ഡലങ്ങള്‍ ഒരുക്കിയത്. ബിനാലെ തുടങ്ങിയ രാത്രിയിലെ നക്ഷത്രങ്ങളാണ് രാശിയനുസരിച്ച് ഇവിടെ ഒരുക്കിയിരിക്കുന്നത്.20 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍വാസിലാണ് നക്ഷത്രമണ്ഡലങ്ങള്‍ അച്ചടിച്ചത്. പിന്നീട് നാല് സ്റ്റീല്‍ റോഡുകള്‍ 35 ഡിഗ്രി ചെരിവില്‍ സ്ഥാപിച്ച് അതിലേക്ക് ക്യാന്‍വാസ് വലിച്ചു കെട്ടുകയായിരുന്നു. ബിനാലെയിലെ പ്രധാനപ്പെട്ട പല കലാപരിപാടികളും നടന്നത് ഈ പന്തലിനു കീഴെയാണ്. കസേരകളും സെറ്റികളും ഇതിലുണ്ട്. സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് മികച്ച ഒരു വിശ്രമ ഇടം കൂടിയാണിത്.
സത്യത്തില്‍ ഈ നിര്‍മ്മിതിയേക്കാള്‍ കലാപ്രാധാന്യമുള്ളത് ഇതിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് ഈവ ഷെയ്ഗല്‍ പറഞ്ഞു. നിരവധി പേര്‍ ഇവിടെ വിശ്രമിക്കാനും തങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന കലാപ്രദര്‍ശനത്തിനും ഈ സ്ഥലം ഉപയോഗിക്കുന്നു. ഇവിടെ കലാചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നു. അതു തന്നെയാണ് ഈ നിര്‍മ്മിതിയുടെ വിജയമെന്നും അവര്‍ പറഞ്ഞു.
ബിനാലെ മൂന്നാം ലക്കത്തിലെ ശ്രദ്ധേയമായ ചില കലാപരിപാടികള്‍ അരങ്ങേറിയത് ഈ പന്തലിനു കീഴെയാണ്. സുവാര്‍ത്ത സംഘത്തിന്റെ 600-മത് ചെണ്ടമേളം അരങ്ങേറിയത് ഇവിടെയായിരുന്നു. പ്രശസ്തമായ ജന നാട്യ മഞ്ചിന്റെ തെരവുനാടകവും ഇതേ സ്ഥലത്താണ് അരങ്ങേറിയത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിപാടിയുടെ നിരവധി പരിശീലന കളരികള്‍ക്ക് വേദിയായതും ഇവിടം തന്നെ.
ബിനാലെ നല്‍കുന്ന സ്വാതന്ത്ര്യം ഈ പന്തലിനുള്ളിലും ഉണ്ടാകണമെന്ന് ഷെയ്ഗല്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ ആര്‍ക്കും ഇവിടെ വന്ന് കലാപരിപാടികള്‍ നടത്താം, സംവാദത്തിലേര്‍പ്പെടാം, വിവിധ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാം. നിയന്ത്രണങ്ങളില്ലാത്ത കലാപ്രവര്‍ത്തനങ്ങളുടെ വേദിയായി ഇവിടെ മാറണമെന്നും അവര്‍ പറഞ്ഞു.കൊച്ചിയിലും ബിനാലെയിലുമായ നിരവധി ഓര്‍മ്മകള്‍ ഈ പ്രതിഷ്ഠാപനത്തിലൂടെ ഉയര്‍ന്നു വരുന്നുണ്ടെന്ന് പ്രുഷ പറഞ്ഞു. ഡേവിഡ് ലിഞ്ചിന്റെ 1989 ല്‍ ഇറങ്ങിയ സംഗീത ആല്‍ബത്തിന്റെ പേരിലും പ്രമേയത്തിലുമുള്ള സമാനതയാകാം ഇതിനു കാരണമെന്ന് അവര്‍ പറഞ്ഞു.ബിനാലെ കഴിയുമ്പോള്‍ ഇത് ചുരുട്ടികെട്ടി കൊണ്ടു പോകും. പക്ഷെ അവസാന ദിവസം വരെ ഇവിടെയെത്തുന്നവര്‍ക്ക് ബിനാലെയില്‍ ആദ്യ ദിനത്തിലെ ആകാശം എങ്ങിനെയായിരുന്നു എന്നത് കാണാന്‍ ഈ വാസ്തുകലാ പന്തല്‍ സഹായിക്കുമെന്നും പ്രുഷ പറഞ്ഞു.