കൊച്ചി : ബിനാലെ സംഗീതത്തിന്റെ സാന്ത്വനസ്പര്‍ശവുമായി ഇത്തവണ വേദിയിലെത്തിയത് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിവാര സംഗീതപരിപാടിയായ ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്റെ 157ാം പതിപ്പിലാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ വേദിയില്‍ അവിടത്തെതന്നെ ഡോക്ടര്‍മാരും ജീവനക്കാരും ഗായകരുടെ റോളിലെത്തിയത്. ജോലിത്തിരക്കുകളില്‍നിന്ന് സമയം കണ്ടെത്തി ഇവരെത്തിയപ്പോള്‍ രോഗികളും കൂട്ടിരിപ്പുകാരും അടങ്ങിയ സദസിനും കൗതുകം. ചികിത്സയുടെ സാന്ത്വനം പകരുന്ന പരിചിത മുഖങ്ങള്‍ ആലപിച്ച ഗാനങ്ങള്‍ നിറഞ്ഞ കൈയടിയോടെയാണ് രോഗികള്‍ സ്വീകരിച്ചത്.
മരുന്നിനൊപ്പം സംഗീതവും ലഭിക്കുമ്പോള്‍ അത് രോഗികളില്‍ സവിശേഷമായ പ്രതികരണമാണ് ഉണ്ടാവുന്നതെന്ന് ഡോ. ജുനൈദ് റഹ്മാന്‍ പറഞ്ഞു. അത് രോഗശമനത്തിന്റെ പ്രക്രിയയ്ക്ക നല്ല തുടക്കമാകുന്നു. അനാവശ്യ സമ്മര്‍ദങ്ങള്‍ ഒഴിവാക്കി സംഗീതചികിത്സ രോഗിയെ ശാന്തമായ മാനസികാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ചികിത്സാരീതികള്‍ ലഭ്യമാക്കുകയല്ലാതെ അതിലേറെ എന്തുചെയ്യാന്‍ കഴിയുമെന്നാലോചിച്ചപ്പോഴാണ് വേദനിക്കുന്ന രോഗികളെ സാന്ത്വനിപ്പിക്കാന്‍ വേദിയിലേക്കെത്തിയതെന്ന് ഡോ. സന്ദീപ് ഷെണോയി പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അതിന് അവസരമൊരുക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപതോളം ഗാനങ്ങളാണ് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും ആലപിച്ചത്. സ്റ്റാഫ് നേഴ്‌സായ സൗമ്യയാണ് പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ‘ചിരാഗ്’ എന്ന ഹിന്ദി ചലച്ചിത്രത്തിലെ ‘തേരി ആംഘോം കെ സിവാ’ എന്ന ഗാനം ഡോ. റാണി പാടി. തുടര്‍ന്ന് ഡോ. സന്ദീപ് ഷെണോയി, ഡോ. ബാലമുരളി, ഡോ. അനില്‍ കുമാര്‍, സീനിയര്‍ ഡോ. ജുനൈദ്, ഡോ. സിയൂസ്, ഡോ. സുമിത്ര തുടങ്ങിയവര്‍ സോളോ ഗാനങ്ങള്‍ ആലപിച്ചു. പ്രസാദും ശൈലയും ചേര്‍ന്ന് ‘വൈശാഖ സന്ധ്യേ’ എന്ന യുഗ്മഗാനവും വീണയും ബിനുവും ചേര്‍ന്ന് ‘പതിനേഴിന്റെ പൂങ്കരളില്‍’ എന്ന ഗാനവും ആലപിച്ചു.
സംഗീതത്തിലൂടെ രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എല്ലാ ബുധനാഴ്ചയും സംഘടിപ്പിക്കുന്നതാണ് ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി.