കൊച്ചി: എന്തും കലയാക്കാം എന്ന് പാശ്ചാത്യ ലോകം ചൂണ്ടിക്കാണിക്കുമ്പോള്‍ കലയാണ് സര്‍വസ്വം എന്ന് മഹാഭാരതം പറയുന്നുണ്ടെന്നും കൊച്ചി ബിനാലെ ഈ വീക്ഷണഗതികളുമായി ബന്ധപ്പെട്ടു നില്‍ക്കുകയാണെന്നും വിഖ്യാത താത്വികന്‍ ഡോ വിശ്വ അദ്‌ലൂരി പറഞ്ഞു. യൂണിവേഴ്‌സ് ഇന്‍ വേഴ്‌സ്- മഹാഭാരതം സമകാലീന കലയില്‍’ എന്ന വിഷയത്തെ അധികരിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ നടത്തിയ ലെറ്റ്‌സ് ടോക്ക് സംഭാഷണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മഹാഭാരതത്തില്‍ കാണാത്തത് മറ്റൊരിടത്തും കാണാനാകില്ല, മറ്റെല്ലായിടത്തുള്ളതും മഹാഭാരതത്തിലുണ്ട്. ആ വരികളിലൂടെ സമകാലീന കലയുമായി മഹാഭാരതത്തെ നമുക്ക് ബന്ധിപ്പിക്കാം എന്ന് അദ്‌ലൂരി പറഞ്ഞു. തത്വശാസ്ത്രം, ഇന്‍ഡോളജി എന്നിവയില്‍ ഡോക്ടറേറ്റുള്ള അദ്ദേഹം ന്യൂയോര്‍ക്കിലെ ഹണ്ടര്‍ കോളേജില്‍ മതം, തത്വശാസ്ത്രം എന്നിവയില്‍ അധ്യാപകനാണ്.
മുമ്പൊക്കെ കലയെ ചിത്രരചന, ശില്‍പ നിര്‍മ്മാണം, കവിത, സംഗീതം എന്നൊക്കെ വേര്‍തിരിച്ചിരുന്നു. എന്നാല്‍ റെഡിമെയ്ഡ് വസ്തുക്കള്‍ ആര്‍ട്ട് ഗാലറികളിലേക്കെത്തിയപ്പോള്‍ എന്താണ് കലയെന്ന ചോദ്യം ഉയര്‍ന്നു. സുദര്‍ശന്‍ ഷെട്ടിയൊരുക്കിയ കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിലെ ചില പ്രതിഷ്ഠാപനങ്ങളെ ഈ ചോദ്യവുമായി കൂട്ടിയിണക്കാമെന്ന് അദ്ദേഹം പറഞ്ഞു.
മഹാഭാരതത്തിലെ രണ്ട് ആശയങ്ങളാണ് സമയവും പ്രപഞ്ചവും. സമയത്തെ വരച്ചു കാട്ടുന്ന രണ്ട് പ്രതിഷ്ഠാപനങ്ങളാണ് ബിനാലെയില്‍ റൗള്‍ സുറീതയുടെ സീ ഓഫ് പെയിനും, അലെസ് ഷ്‌റ്റെയ്ഗറുടെ പിരമിഡുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അറിഞ്ഞോ അറിയാതെയോ സുദര്‍ശന്‍ ഷെട്ടിയുടെ ക്യൂറേറ്റര്‍ പ്രമേയം മഹാഭാരതവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അദ്‌ലൂരി ചൂണ്ടിക്കാട്ടി. ബ്ലിങ്ക് ഓഫ് ആന്‍ ഐ എന്ന സുദര്‍ശന്റെ പ്രമേയം സംസ്‌കൃതത്തിലാക്കുമ്പോള്‍ നിമിഷം എന്ന് തര്‍ജമ ചെയ്യാം. മഹാഭാരത കഥ പറയുന്നതു തന്നെ നൈമിഷാരണ്യം എന്ന വനത്തില്‍ വച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലയെയും ഇത്തരത്തില്‍ മഹാഭാരതം സ്വാംശീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.