തമിഴ് നാട്ടലില്‍ നാളെ വിശ്വാസ വോട്ട്

207

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമി നാളെ വിശ്വാസ വോട്ടു തേടി ഭൂരിപക്ഷം തെളിക്കാനിരിക്കെ തമിഴ്നാട്ടില്‍ ഇന്നു കണക്കെടുപ്പുകളുടെ ദിനം. ഒപ്പമുള്ളവരെ കൂടെ നിര്‍ത്താന്‍ പളനിസാമിയും കൂടുതല്‍ പേരെ പറിച്ചെടുക്കാന്‍ പനീര്‍സെല്‍വം ശ്രമം തുടങ്ങി. നാളെ രാവിലെ 11ന് ആണ് വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. സത്യപ്രതിജ്ഞയ്ക്കുശേഷം എംഎല്‍എമാരെല്ലാം കൂവത്തൂരിലെ റിസോര്‍ട്ടിലേക്കുതന്നെയാണ് വീണ്ടും പോയത്. ഇവിടെ താമസിക്കുന്ന 124 പേരില്‍ 117 പേര്‍ പിന്തുണച്ചാല്‍ പളനിസാമിക്ക് മുഖ്യമന്ത്രിയായി തുടരാം. ശശികല ക്യാംപില്‍ ആശങ്കയുണ്ടെങ്കിലും പനീര്‍സെല്‍വം ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാനാകുമെന്ന കണക്കൂകൂട്ടലിലാണ് അവര്‍. തിരഞ്ഞെടുപ്പില്‍ ജയിച്ച്‌ അണ്ണാ ഡിഎംകെയുടെ 136 പേരാണ് നിയമസഭയിലെത്തിയത്.
ജയലളിത മരിച്ചതിനാല്‍ നിലവില്‍ അംഗസംഖ്യ 135, ഒരാള്‍ സ്പീക്കര്‍. 124 പേരുടെ പിന്തുണയാണ് എടപ്പാടി പളനിസാമിക്ക്. ഇവര്‍ ഇപ്പോഴും കൂവത്തൂരിലെ റിസോര്‍ട്ടില്‍ തുടരുന്നതിനാല്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കുകയെന്നത് പളനിസാമിക്ക് ബുദ്ധിമുട്ടാകില്ല. എന്നാല്‍ പനീര്‍സെല്‍വം ക്യാംപിലേക്ക് ഇനി എംഎല്‍എമാരുടെ കൊഴിഞ്ഞു പോക്കുണ്ടായാല്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും. അതുണ്ടാകാതിരിക്കാന്‍ എന്തു വിലകൊടുത്തും സാമാജികരെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് പളനി പക്ഷം!.
പനീര്‍സെല്‍വത്തിനു പത്ത് എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിച്ചാല്‍ പോലും അദ്ദേഹത്തിനു രക്ഷയില്ല. എന്നാല്‍ ശശികല ക്യാപില്‍നിന്നു പത്തു പേരെയങ്കിലും അടര്‍ത്തിയെടുത്താല്‍ സര്‍ക്കാരിനെ വീഴ്ത്താം. പുതിയ സര്‍ക്കാരുണ്ടാക്കാനായില്ലെങ്കില്‍ കൂടി അടുത്ത തിരഞ്ഞെടുപ്പിലേക്കു കാര്യങ്ങള്‍ എത്തിക്കാനാകും. അതിനു തന്നെയാകും പനീര്‍സെല്‍വത്തിന്റെ ഇനിയുള്ള ശ്രമം. ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ആക്കിയതിനെതിരെ, പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ കമ്മീഷന്‍ എടുക്കുന്ന തീരുമാനവും തമിഴക രാഷ്ട്രീയത്തില്‍ ചെറുതല്ലാത്ത ചലനമുണ്ടാക്കും.

NO COMMENTS

LEAVE A REPLY