ചെന്നൈ: വിശ്വാസവോട്ടെടുപ്പില്‍ എടപ്പാടി പളനിസാമിക്ക് വിജയം. 122 എംഎല്‍എമാര്‍ പളനിസാമിയെ അനുകൂലിച്ച് വോട്ട് ചെയ്തു.11 പേര് എതിര്‍ത്തു. പനീര്‍സെല്‍വം വിഭാഗമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. പ്രതിപക്ഷത്തെ പുറത്താക്കി വിശ്വാസവോട്ടെടുപ്പിന് സ്പീക്കര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിനടക്കം ഡിഎംകെ അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്തേക്ക് നീക്കി. കോണ്‍ഗ്രസ് എംഎല്‍എമാരേയും സഭയില്‍ പ്രവേശിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല. പ്രതിപക്ഷത്തെ നീക്കി വിശ്വാസവോട്ടെടുപ്പ് നടത്തിയ സ്പീക്കറുടെ തീരുമാനം തമിഴ്നാട്ടില്‍ വീണ്ടും ഭരണപ്രതിസന്ധിയ്ക്കും നിയമപോരാട്ടത്തിനും കാരണമാകും. തങ്ങളെ മര്‍ദ്ദിച്ചുവെന്നും സ്പീക്കര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും എംകെ സ്റ്റാലിന് പറഞ്ഞു.
വിശ്വാസവോട്ടെടുപ്പു നീട്ടിവയ്ക്കുക അല്ലെങ്കില്‍ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ സ്പീക്കര്‍ പി.ധനപാല്‍ തള്ളിയതില്‍ പ്രകോപിതരായ ഡിഎംകെ എംഎല്‍എമാര്‍ കയ്യാങ്കളിക്കു തുനിഞ്ഞതോടെയാണ് വിശ്വാസവോട്ടെടുപ്പ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആദ്യം തീരുമാനിച്ചത്. വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്കുകയോ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുകയോ വേണമെന്ന പ്രതിപക്ഷത്തിന്റെയും പനീര്‍സെല്‍വം വിഭാഗത്തിന്റെയും ആവശ്യം സ്പീക്കര്‍ തള്ളിയിരുന്നു. സഭാനടപടികളെക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും സ്പീക്കര്‍ പി.ധനപാല്‍ നിലപാടെടുത്തു. ഇതാണ് ഡിഎംകെ എംഎല്‍എമാരെ പ്രകോപിപ്പിച്ചത്. സ്പീക്കറെ ഘെരാവോ ചെയ്ത എംഎല്‍എമാര്‍ പേപ്പറുകള്‍ കീറിയെറിയുകയും കസേരകള്‍ തട്ടിമറിക്കുകയും ചെയ്തു. സ്പീക്കറുടെ മേശയ്ക്കും മൈക്കിനും കേടുവരുത്തി. ആവേശം മൂത്ത എംഎല്‍എമാരിലൊരാള്‍ സ്പീക്കറുടെ കസേരയില്‍ കയറിയിരുന്നു പ്രതിഷേധിച്ചു. സമ്മേളനം ആരംഭിച്ചതുമുതലേ പളനിസാമിക്കെതിരെ പനീര്‍സെല്‍വം വിഭാഗവും ഡിഎംകെയും കൈകോര്‍ത്തു നീങ്ങുന്ന കാഴ്ചയാണ് സഭയില്‍ കണ്ടത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിക്കുകയും സ്പീക്കര്‍ ഇതിന് അനുമതി നല്‍കുകയും ചെയ്തതിനുപിന്നാലെ സഭയില്‍ ബഹളം ആരംഭിച്ചു. ഡിഎംകെ എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ ഒ.പനീര്‍സെല്‍വത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പനീര്‍സെല്‍വം വിഭാഗത്തിന്റെ ചീഫ് വിപ്പ് സെമ്മലൈയെ സംസാരിക്കാന്‍ അനുവദിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെയും സഭയില്‍ ബഹളമുണ്ടായി. സെമ്മലൈയ്ക്ക് മൈക്ക് കൈമാറണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും ആവശ്യപ്പെട്ടു. എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണമുയര്‍ത്തിയും ഡിഎംകെ അംഗങ്ങള്‍ ബഹളംവച്ചു.